റിയോ തത്സുകി എഴുതിയതുപോലെ ടെക്‌സസിൽ
തിരുവനന്തപുരം: 2011ൽ ജപ്പാനിലുണ്ടായ സുനാമി മുതൽ ഗായകൻ ഫ്രെഡി മെർക്കുറിയുടെ മരണവും കൊറോണ വൈറസ് വ്യാപനം…
അങ്ങനെ പല കാര്യങ്ങളും റിയോ തത്സുകി എഴുതിയതുപോലെ നടന്നതായി ജപ്പാൻ ജനത വിശ്വസിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഇന്ന് എന്തെങ്കിലും സംഭവിക്കുമെന്ന് പലരും കരുതി. ഇന്ന് പുലർച്ചെ ജപ്പാൻ വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്നായിരുന്നു
ബാബ വാൻഗ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന റിയോ തത്സുകി തൻറെ പുസ്തകത്തിൽ പ്രവചിച്ചത്.
ഫലമോ, ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ ഇടിയുകയും തന്മൂലം ആ രാജ്യത്തെ സമ്പദ്വ്യവസ്ഥയിലേക്ക് എത്തേണ്ട കോടികൾ ഇല്ലാതാവുകയും ചെയ്തു.
ജപ്പാനിൽ പ്രവചനം പാളിയതോടെ, എങ്ങാനും സംഭവിച്ചാൽ നേരിടാനായി ജപ്പാൻ സ്വീകരിച്ച മുന്നൊരുക്കങ്ങൾക്ക് ചെലവഴിച്ച കോടികളും അനാവശ്യ ചെലവായി.
സമീപ ദിവസങ്ങളിൽ ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപായ ടൊകാരയിൽ ഉണ്ടായ അഞ്ഞൂറിലധികം ചെറുചലനങ്ങൾ ആശങ്ക ഉയർത്തിയിരുന്നു.
എന്നാൽ തത്സുകി പ്രവചിച്ചതു പോലെ വലിയ സുനാമിയിലേക്കോ ദുരന്തത്തിലേക്കോ നയിക്കുന്ന വൻ ഭൂചലനമോ സുനാമിയോ ജപ്പാനിൽ ഉണ്ടായില്ല.
പക്ഷെ ടെക്‌സസിൽ ഇന്നലെയുണ്ടായത് അവിശ്വസനീയമായ മിന്നൽ പ്രളയമാണ്. ജപ്പാനിൽ റിയോ തത്സുകി പ്രവചിച്ച ഭയാനകമായ
സുനാമി ഉണ്ടായില്ലെങ്കിലും ഏതാണ്ട് അതേസമയം തന്നെ യു.എസിലെ ടെക്സസിൽ മിന്നൽ പ്രളയമുണ്ടായി.
പ്രളയത്തിൽ 24 പേർ മരിക്കുകയും അനവധി പേരെ കാണാതാവുകയും ചെയ്ത പ്രളയത്തിൽ വൻ നാശനഷ്ടമാണുണ്ടായത്. സംഭവത്തിൽ യു.എസ് പ്രസിഡൻറ് ട്രംപ് ഉൾപ്പെടെ നടുക്കം രേഖപ്പെടുത്തി.
ദുരന്തത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എല്ലാം റദ്ദാക്കിയിട്ടുണ്ട്. കാണാതായവരെ സംബന്ധിച്ച
വിവരങ്ങൾ പങ്കുവച്ചും ആശങ്ക രേഖപ്പെടുത്തിയും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നത്.
തത്സുകിയുടെ പ്രവചനം ടെക്സസിൽ സംഭവിച്ചെന്നാണ് ഒരു വിഭാഗം വിശ്വാസികൾ അഭിപ്രായപ്പെടുന്നത്.
2025 ജൂലൈ 5ന് ജപ്പാനിൽ സുനാമി ഉണ്ടാകുമെന്നായിരുന്നു ജാപ്പനീസ് മാംഗ ആർട്ടിസ്റ്റായ 70 വയസുകാരി റിയോ തത്സുകി തൻറെ പുസ്തകത്തിൽ എഴുതിയിരുന്നത്.
മുരളി തുമ്മാരുകുടി പറയുന്നത്
മാറുന്ന കാലാവസ്ഥ അനുസരിച്ച് നമ്മുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി.
ടെക്‌സസിലെ പ്രളയം പലകാരണങ്ങളാൽ അതിശയകരമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഒരു മണിക്കൂറിൽ ഇരുപത്തി നാല് അടി ഉയരത്തിലാണ് നദിയിൽ ജലം ഉയർന്നത്.
ഇരുപത്തിനാല് അടി എന്നാൽ ഇരുനില കെട്ടിടത്തിലും ഉയരമാണെന്നും അമേരിക്കയിലെ കാലാവസ്ഥാ ഏജൻസികൾക്കൊന്നും മിന്നൽ പ്രളയം പ്രവചിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മാറുന്ന കാലാവസ്ഥ അനുസരിച്ച് നമ്മുടെ ജീവിതത്തിലും ഏറെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനം, മുന്നറിയിപ്പ് രീതികൾ,
രക്ഷാപ്രവർത്തനം, അണക്കെട്ടുകളുടെ മാനേജ്മെന്റ്, ലാൻഡ് യൂസ് പ്ലാനിങ്ങ്, അർബൻ പ്ലാനിങ്, റോഡുകളും റെയിൽവേയും ഒക്കെ ഉണ്ടാക്കുന്നത്, എന്നിങ്ങനെ പലതും.
ടെക്സാസിൽ നിന്നുള്ള പാഠങ്ങൾ അമേരിക്കക്ക് മാത്രം ഉള്ളതല്ലെന്നും അദ്ദേഹം കുറിച്ചു. ടെക്‌സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 മരണമാണ് റിപ്പോർട്ട് ചെയ്തത്.
സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 20 പെൺകുട്ടികളെ കാണാതായിട്ടുണ്ട്.
ഇവർക്കായുള്ള തിരച്ചിൽ നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. കാണാതായ പെൺകുട്ടികളെ സംബന്ധിച്ച
എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടി അവരുടെ രക്ഷിതാക്കൾ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രളയത്തെ തുടർന്ന് ടെക്‌സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരുപാടികൾ റദ്ദാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് നേരത്തെ പ്രളയമുന്നറിയിപ്പ് നൽകിയിരുന്നില്ല.
അതിനുള്ള സംവിധാനം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശിക ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്.
ടെക്‌സിന്റെ പടിഞ്ഞാറും മധ്യഭാഗത്തും പ്രളയമുണ്ടാകാനുള്ള സാധ്യത അധികൃതർ തള്ളിക്കളഞ്ഞിട്ടില്ല.
നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരുമാണ് നിലവിൽ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അവിശ്വസനീയമായ മിന്നൽ പ്രളയം ! ടെക്‌സസ്സിൽ ഇന്നലെ ഉണ്ടായ മിന്നൽ പ്രളയം പല കാരണങ്ങൾ കൊണ്ട് അതിശയകരമാണ്. ഒരു മണിക്കൂറിൽ ഇരുപത്തി നാല് അടി ഉയരത്തിലാണ് നദിയിൽ ജലം ഉയർന്നത്.
ഇരുപത്തിനാല് അടി എന്നാൽ രണ്ടു നില കെട്ടിടത്തിലും ഉയരമാണ് ! സാധാരണഗതിയിൽ വളരെ വിശ്വസനീയമായ കാലാവസ്ഥ പ്രവചനങ്ങൾ ആണ് വികസിത രാജ്യങ്ങളിൽ ഉള്ളത്.
വരുന്ന വീക്കെൻഡിൽ പിക്‌നിക്കോ ക്യാമ്പിങ്ങോ ബാർബെക്യൂവോ ഒക്കെ നടത്തണമെന്ന് വെതർ ഫോർകാസ്റ്റ് നോക്കി പ്ലാൻ ചെയ്യാം.
ഇതിന് പുറമെ അടുത്ത മൂന്നോ ആറോ മണിക്കൂറിൽ വരുന്ന മാറ്റങ്ങൾ പറയാൻ ‘നൗ കാസ്റ്റിംഗ്’ ഉണ്ട്.
ഇതൊക്കെ നമ്മുടെ കൃത്യം ലൊക്കേഷൻ അനുസരിച്ച് അറിയിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്. ഇതിനൊന്നും ഈ മിന്നൽ പ്രളയം പ്രവചിക്കാനോ ആളുകൾക്ക് മുന്നറിയിപ്പ് നൽകാനോ സാധിച്ചില്ല.
ഇരുപത്തി നാലു പേർ മരിച്ചു എന്നും ക്യാമ്പിങ്ങിന് പോയ ഇരുപത്തി അഞ്ചു കുട്ടികളെ കാണാനില്ല എന്നുമാണ് വാർത്തകൾ.
മഴയുടെ തീവ്രത കൂടും എന്നത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറെ മുന്നേ തന്നെ പ്രവചിക്കപ്പെട്ടിരുന്ന ഒരു പ്രത്യാഘാതം ആണ്. ഇത് ലോകത്തിലെവിടെയും ഇപ്പോൾ കണ്ടു തുടങ്ങിയിട്ടുണ്ട്.
അതി തീവ്രതയിൽ മഴ പെയ്യുമ്പോൾ അത് മിന്നൽ പ്രളയമായി, മണ്ണിടിച്ചിലായി, ഉരുൾ പൊട്ടലായി, ഡാമുകളുടെ കവിഞ്ഞൊഴുക്കും തകർച്ചയുമായി, നഗരങ്ങളിലെ വെള്ളെക്കെട്ടായി ഒക്കെ മാറും.
ഇതിപ്പോൾ കേരളത്തിൽ ഏതാണ്ട് പതിവായിട്ടുണ്ടല്ലോ. മാറുന്ന കാലാവസ്ഥ അനുസരിച്ച് നമ്മുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
കാലാവസ്ഥ പ്രവചനം, മുന്നറിയിപ്പ് രീതികൾ, രക്ഷാപ്രവർത്തനം, അണക്കെട്ടുകളുടെ മാനേജ്മെന്റ്, ലാൻഡ് യൂസ് പ്ലാനിങ്ങ്, അർബൻ പ്ലാനിങ്, റോഡുകളും റെയിൽവേയും ഒക്കെ ഉണ്ടാക്കുന്നത്, എന്നിങ്ങനെ പലതും. ടെക്സാസിൽ നിന്നുള്ള പാഠങ്ങൾ അമേരിക്കക്ക് മാത്രം ഉള്ളതല്ല.
മുരളി തുമ്മാരുകുടി
English Summary:
Many in Japan believe that several major global events — from the 2011 tsunami to singer Freddie Mercury’s death and the COVID-19 outbreak — were accurately predicted by Ryo Tatsuki, also known by the pseudonym Baba Vanga. Due to this belief, many feared that a major disaster would strike Japan today, as one of Tatsuki’s books had predicted a catastrophic event would occur early this morning.