ലോകത്തിലെ ഏറ്റവും ശക്തമായ സിംഗിൾ സിലിണ്ടർ എഞ്ചിനുമായി ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ മോട്ടോർസൈക്കിൾ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ‘സൂപ്പർക്വാഡ്രോ മോണോ’ എന്ന് വിളിക്കുന്ന പുതിയ 659 സിസി, ഷോർട്ട്-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ മോട്ടോർസൈക്കിളിലുള്ള പുതിയ 659 സിസി, ഷോർട്ട്-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിൻ 9,750 ആർപിഎമ്മിൽ 76.43 ബിഎച്ച്‌പി പവറാണ് നൽകുന്നത്. ഇത് സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന പവർ ഔട്ട്‌പുട്ടാണെന്ന് ഡ്യുക്കാട്ടി അവകാശപ്പെടുന്നു.
ട്രാക്ക് ഉപയോഗത്തിന് മാത്രമായി ടെർമിഗ്നോണി എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, 9,500 ആർപിഎമ്മിൽ പവർ 83.3 ബിഎച്ച്‌പി ഉയരും. ടോർക്ക് ഔട്ട്പുട്ട് 8,000 ആർപിഎമ്മിൽ 63 എൻഎം ആണ്. ഉയർന്ന ആർപിഎം പവർ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഡെസ്‌മോഡ്രോമിക് വാൽവ് സംവിധാനമാണ് ഡ്യുക്കാട്ടിയുടെ സൂപ്പർ ക്വാഡ്രോ മോണോ ബൈക്കിൽ നൽകിയിട്ടുള്ളത്. ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും ഉയർന്ന പെർഫോമൻസുള്ള റോഡ്-ഗോയിങ് സിംഗിൾ സിലിണ്ടർ എഞ്ചിൻ എന്നാണ് ഈ ബൈക്കിന്റെ എഞ്ചിനെ വിശേഷിപ്പിക്കുന്നത്. 1299 പാനിഗാലെയുടെ അതേ 116 എംഎം വ്യാസമുള്ള പിസ്റ്റണാണ് ഹൈപ്പർമോട്ടാർഡ് 698 മോണോയിലും ഉപയോഗിച്ചിരിക്കുന്നത്.
പിസ്റ്റൺ 1299 പാനിഗാലെയ്ക്ക് സമാനമെങ്കിലും 62.4 എംഎം നീളമുള്ള സ്‌ട്രോക്കാണ് ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോയിൽ നൽകിയിട്ടുള്ളത്. എഞ്ചിന്റെ മറ്റ് സവിശേഷതകളിൽ, 46.8 എംഎം വ്യാസമുള്ള ടൈറ്റാനിയം ഇൻടേക്ക് വാൽവുകൾ, 38.2 എംഎം സ്റ്റീൽ എക്‌സ്‌ഹോസ്റ്റ് വാൽവുകൾ എന്നിവയുണ്ട്. ഹൈപ്പർമോട്ടാർഡ് 698 മോണോ 6-സ്പീഡ് ട്രാൻസ്മിഷൻ യൂണിറ്റുമായിട്ടാണ് വരുന്നത്. ഇതിനൊപ്പം സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചും ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും നൽകിയിട്ടുണ്ട്.
സ്റ്റാൻഡേർഡ്, ആർവിഇ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി പുതിയ ഡ്യുക്കാട്ടി ബൈക്ക് ലഭ്യമാകും. ട്യൂബുലാർ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമാണ് ബൈക്കിൽ നൽകിയിട്ടുള്ളത്. മുൻവശത്ത് 45 എംഎം മാർസോച്ചി അപ്‌സൈഡ്-ഡൌൺ ഫ്രണ്ട് ഫോർക്കും പിന്നിൽ സാക്‌സിൽ നിന്നുള്ള മോണോഷോക്കും നൽകിയിട്ടുണ്ട്. റേഡിയൽ M4.32 കാലിപ്പറുള്ള 330mm ഫ്രണ്ട് ഡിസ്‌കും സിംഗിൾ-പിസ്റ്റൺ ഫ്ലോട്ടിംഗ് കോളിപ്പറുള്ള 245mm റിയർ ഡിസ്ക്കുമാണ് ബൈക്കിലുള്ളത്.
Read More: പുത്തൻ ‘സൂപ്പർബ് ആഡംബര കാറുകൾക്ക് വെല്ലുവിളി