കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിലിനായി ഡ്രഡ്ജർ ഷിരൂരിലെത്തി. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴിൽ എത്തിച്ചു. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും.(Dredger reached at Gangavali River search for Arjun will resume tomorrow)
ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ ഗംഗാവലി പുഴയിൽ എത്തിച്ചത്. ഇന്ന് രാവിലെയാണ് ഡ്രഡ്ജർ കാർവാറിൽ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പ്രവേശിപ്പിച്ചത്. രാവിലെ വേലിയേറ്റ സമയമായതിനാൽ പാലം കടന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വേലിയിറക്ക സമയമായ വൈകുന്നേരത്തോടെയാണ് മുന്നോട്ട് പോയത്.
നാവിക സേനയുടെ മേൽനോട്ടത്തോടെയാണ് ഡ്രഡ്ജറിന്റെ പ്രവർത്തനം. രണ്ട് പാലങ്ങൾ കടക്കുന്നത് ശ്രമകരമായ ദൗത്യമാണെന്ന് അധികൃതർ അറിയിച്ചിരുന്നു. തുടർന്നാണ് വേലിയേറ്റ വേലിയിറക്ക സമയങ്ങൾ കേന്ദ്രീകരിച്ച് ഡ്രഡ്ജറിന്റെ യാത്ര ക്രമീകരിച്ചത്.
ഷിരൂരിലെ നിലവിലെ കാലാവസ്ഥയും തിരച്ചിലിന് അനുയോജ്യമാണ്. പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമാണ് ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക. അർജുനെ കൂടാതെ ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.