തിരുവനന്തപുരം: ഇടവപ്പാതിപോലും താങ്ങാൻ ശേഷിയില്ലാതെ വിറയ്ക്കുന്ന കേരളത്തിന്റെ നെഞ്ചിടിപ്പുകൂട്ടി കാലാവസ്ഥ പ്രവചനങ്ങൾ. ആഗസ്റ്റോടെ സംസ്ഥാനത്ത് ‘ലാ നിന’ പ്രതിഭാസത്തിനൊപ്പം ‘പോസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡെ പോൾ’ (ഐ.ഒ.ഡി) പ്രതിഭാസം കൂടി എത്തുമെന്നാണ് മുന്നറിയിപ്പ്.
ഇത്തരം പ്രതിഭാസങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴയും ചെറുമേഘവിസ്ഫോടനങ്ങളും സൃഷ്ടിക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കാലവർഷത്തിന്റെ രണ്ടാംപകുതിയോടെ എത്തുന്ന ഈ ഇരട്ടഭീഷണി പ്രതിരോധിക്കാനുള്ള നടപടികൾ സർക്കാറും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സ്വീകരിച്ചില്ലെങ്കിൽ പ്രളയസമാന സാഹചര്യകുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
മഴക്ക് അനുകൂലാവസ്ഥ സൃഷ്ടിക്കുന്ന ലാ നിന പ്രതിഭാസം ഓഗസ്റ്റിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന് പുറമെയാണ് ഓഗസ്റ്റിൽ ഉണ്ടായേക്കാവുന്ന പോസിറ്റീവ് ഐ.ഒ.ഡി വരുന്നത്. 2019ലും ഐ.ഒ.ഡി കേരളത്തിൽ സംഭവിച്ചിരുന്നു. അന്നാണ് കവളപ്പാറയിലും പുത്തുമലയിലും 76 പേരുടെ മരണത്തിനിടയാക്കിയ ലഘുമേഘവിസ്ഫോടനമുണ്ടായത്. അന്ന് ലാ നിന പ്രതിഭാസമുണ്ടായിരുന്നില്ല. ലാ നിന, ഐ.ഒ.ഡി പ്രതിഭാസങ്ങൾ ഒരുമിച്ച് വരുന്നത് അപൂർവമാണ്. ‘എൽ നിനോ’യുമായി ബന്ധപ്പെട്ട് ഇന്ത്യൻ മഹസുദ്രത്തിലുണ്ടാകുന്ന പ്രതിഭാസമാണ് ഇന്ത്യൻ ഓഷ്യൻ ഡെ പോൾ ( ഐ.ഒ.ഡി). മൂന്നുതരമാണ് ഐ.ഒ.ഡി. പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രൽ.
അറബിക്കടലിൽ ഇപ്പോൾ രൂപംകൊണ്ടിരിക്കുന്നത് പോസിറ്റീവ് ഐ.ഒ.ഡിയാണ്. ഇതുമൂലം അറബിക്കടലിൽ സാധാരണയെക്കാൾ ചൂട് കൂടുതലായിരിക്കും. ഇതുമൂലം ധാരാളം നീരാവി ഉൽപാദിപ്പിക്കപ്പെടും. ഇവ അന്തരീക്ഷത്തിലുയർന്ന് കുമുലോ നിംബസ് എന്ന മഴ മേഘങ്ങൾക്ക് രൂപം നൽകും. സാധാരണഗതിയിൽ കുമുലോ നിംബസ് രണ്ട് മുതൽ രണ്ടര കിലോമീറ്റർ വസ്തൃതിയാണെങ്കിൽ ഐ.ഒ.ഡിയുടെ ഫലമായി അത് ഏഴ് കിലോമീറ്റർ വരെ വിസ്തൃതമായിരിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ അതിതീവ്രമഴക്ക് വരെ കാരണമാകും.