തിരുവനന്തപുരം: നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനോട് തർക്കിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ നിർദേശം. ഡ്രൈവർ യദുവിന് തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടെന്ന അറിയിപ്പ് നൽകി. ഡി.ടി.ഒ യുടെ മുന്നിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്. മേയർക്കും എം.എൽ.എ സച്ചിൻദേവിനുമെതിരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്.
സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ വാക്കുതർക്കമുണ്ടായത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും വാഹനത്തിലുണ്ടായിരുന്നു. ശനിയാഴ്ച രാത്രിതന്നെ മേയർ പോലീസിൽ പരാതി നൽകിയിരുന്നു. അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്ന് ഡ്രൈവർ യദു ആരോപിച്ചിക്കുന്നു. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്.