വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ന്യൂഹാംഷെയർ പ്രൈമറി തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. തിരഞ്ഞെടുപ്പിൽ 52.5ശതമാനം വോട്ടുകൾ ട്രംപ് നേടിയപ്പോൾ ഇന്ത്യൻ വംശജ കൂടിയായ നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകളും നേടി.
നാല് ക്രിമിനൽ കുറ്റപത്രങ്ങൾ ഉൾപ്പെടെയുള്ളവ ട്രംപിനെതിരെ നിലനിൽക്കുന്നുണ്ടെങ്കിലും പ്രൈമറി തെരഞ്ഞെടുപ്പ് വിജയത്തോടെ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കുള്ള പോരാട്ടത്തിൽ ട്രംപിന്റെ ആത്മവിശ്വാസം വർധിക്കുകയാണ്. നിക്കി ഹേലിയുടെ സ്ഥാനാര്‍ത്ഥിത്വം കാര്യമാക്കുന്നില്ല എന്നും നിക്കി ഹേലിയ്ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നും ആയിരുന്നു വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ട്രംപിന്റെ പ്രതികരണം. ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് എന്നിവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പോരാട്ടത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇരുവരും ഡൊണള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എഡിസൺ റിസർച്ച് അനുസരിച്ച് ട്രംപിന് 52.3 ശതമാനം വോട്ട് ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രചരണത്തിന് ഇറങ്ങിയില്ലെങ്കിലും ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി ന്യൂഹാംഷെയറിൽ വിജയം നേടി.
Read Also: ഇ.ഡി റെയ്ഡിനു തൊട്ടുമുൻപ് മുങ്ങി ‘ഹൈറിച്ച്’ ദമ്പതികൾ; സംസ്ഥാനമെങ്ങും ജാഗ്രത നിർദേശം നൽകി പോലീസ്