അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട് പാടുന്ന ഡോക്ടറുടെ കഥ
ജോലി, വീട്, കുടുംബം, ഉത്തരവാദിത്തങ്ങൾ—ജീവിതം പലപ്പോഴും തിരക്കിട്ട ഓട്ടമാണ്. ആ ഓട്ടത്തിനിടയിൽ ‘പാഷൻ’ എന്ന സ്വപ്നം മനസ്സിന്റെ പിൻസീറ്റിലിരുന്ന് ഉറങ്ങിപ്പോകും.
എന്നാൽ ജോലി സന്തോഷത്തോടെ ചെയ്യുന്നതിനൊപ്പം ഇഷ്ടമുള്ള മറ്റൊരു കാര്യം കൂടി ജീവിതത്തിൽ ചേർത്തുപിടിക്കാമെങ്കിൽ?
അങ്ങനെയൊരു വ്യത്യസ്ത യാത്രയുടെ കഥയാണ് ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളജിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. വിഷ്ണു വി. നാഥ് പറയുന്നത്.
‘സർപ്പപ്പാട്ട് കുലത്തൊഴിൽ മാത്രമല്ല, എന്റെ പാഷനും’
അമ്പലങ്ങളിൽ സർപ്പപ്പാട്ട് അവതരിപ്പിക്കുന്ന ഡോക്ടർ! കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും, അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒരു കുടുംബത്തിന്റെ അതിജീവനവും കരുത്തുമുള്ള കഥയാണ്.
“പ്ലസ് വണിൽ പഠിക്കുമ്പോഴാണ് ആദ്യമായി സർപ്പപ്പാട്ട് പാടിയത്—ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ. ഇത് ഞങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്നു തന്നെ പഠിച്ചെടുത്ത അനുഷ്ഠാന കലയാണ്,” ഡോ. വിഷ്ണു പറയുന്നു.
അച്ഛൻ ചെട്ടിക്കുളങ്ങര വിശ്വനാഥനും അമ്മ ഗീത വിശ്വനാഥനും സർപ്പപ്പാട്ടിന്റെ വഴിയിലാണ് ജീവിതം നയിച്ചത്. കുഞ്ഞു വിഷ്ണുവും ചെറുപ്പം മുതലേ അതിനൊപ്പം വളർന്നു. എന്നാൽ ബിഎസ്‌സി ആദ്യവർഷം പഠിക്കുമ്പോൾ അച്ഛന്റെ വിയോഗം കുടുംബത്തെ ആകെ പിടിച്ചുകുലുക്കി.
“അച്ഛൻ പോയതോടെ അമ്മയായിരുന്നു കുടുംബത്തിന്റെ നാഥയും നാഥനും. ബാധ്യതകൾ ചുമലിലേറ്റി പരാതികളൊന്നും പറയാതെ അമ്മ ഞങ്ങളെ മുന്നോട്ടു നയിച്ചു,” വിഷ്ണു പറയുന്നു.
അമ്മയോടൊപ്പം കുലത്തൊഴിലിലേക്ക്
ബിരുദപഠനം കഴിഞ്ഞതോടെ വിഷ്ണുവും അമ്മയ്ക്കൊപ്പം കുലത്തൊഴിലിലേക്കിറങ്ങി. അതിനുശേഷമാണ് എംബിബിഎസ് എൻട്രൻസ് വീണ്ടും എഴുതുകയും മെഡിക്കൽ സീറ്റിൽ പ്രവേശിക്കുകയും ചെയ്തത്.
“ഇപ്പോൾ ഹൗസ് സർജൻസി പൂർത്തിയാക്കുന്നതേയുള്ളൂ. തുടർന്ന് സർജറി പി.ജി എടുക്കണം. കാർഡിയോതൊറാസിക് സൂപ്പർ സ്പെഷാലിറ്റിയും പഠിക്കണമെന്നാണ് മോഹം.
പക്ഷേ, പാട്ട് എന്റെ കുലത്തൊഴിൽ മാത്രമല്ല—എന്റെ പാഷൻ കൂടിയാണ്. എത്ര മുന്നോട്ടു പോയാലും ഇതും ഒപ്പം കൊണ്ടുപോകണമെന്നാണു ആഗ്രഹം,” അദ്ദേഹം പറയുന്നു.
സിനിമകൾ നൽകിയ സ്വപ്നം; അമ്മ നൽകിയ ചിറകുകൾ
ഡോക്ടറാകാനുള്ള സ്വപ്നം രൂപപ്പെട്ടതും ഒരു സിനിമയിലൂടെയായിരുന്നു.
“എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ പറഞ്ഞു—‘നിർണയം സിനിമ കണ്ടു. കൊള്ളാം. ഇനി ടിവിയിൽ വരുമ്പോൾ മോനൊന്നു കണ്ടു നോക്കൂ.’ അങ്ങനെ ‘നിർണയം’ ആദ്യമായി കണ്ടു. ഡോക്ടറാകണമെന്ന് തോന്നിയത് അപ്പോഴാണ്. പിന്നെ ബിഎസ്‌സി പഠിക്കുമ്പോൾ ‘അയാളും ഞാനും തമ്മിൽ’ കണ്ടതോടെ ആ ആഗ്രഹം മനസ്സിൽ ഉറപ്പിച്ചു.”
2016 ബാച്ചിലാണ് കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ ലഭിക്കുന്നത്. സഹോദരി ലക്ഷ്മിപ്രിയ ബിഎഎംഎസ് പഠിക്കുന്നു.
“ഞങ്ങൾ പഠിച്ചുവെന്നേയുള്ളൂ. എന്തെങ്കിലും മുന്നേറിയിട്ടുണ്ടെങ്കിൽ അതെല്ലാം അമ്മ കാരണമാണ്. അമ്മയുടെ കഷ്ടപ്പാടും അധ്വാനിക്കാനുള്ള മനസ്സും തന്നെയാണ് എന്റെ പ്രചോദനം,” വിഷ്ണു പറയുന്നു.
പുള്ളുവ സമുദായത്തിന്റെ യാഥാർത്ഥ്യം
സർപ്പപ്പാട്ടും സർപ്പക്കളമെഴുത്തും പുള്ളുവ സമുദായത്തിന്റെ മുഖ്യ ഉപജീവന മാർഗമാണ്. പക്ഷേ, വരുമാനം തുച്ഛമാണെന്ന് വിഷ്ണു തുറന്നുപറയുന്നു.
“ഞങ്ങളുടെ സമുദായത്തിലെ ഏകദേശം 90 ശതമാനം കുടുംബങ്ങളുടെയും ഏക ഉപജീവനമാർഗം സർപ്പപ്പാട്ടും സർപ്പക്കളമെഴുത്തുമാണ്. പക്ഷേ ഇതിലൂടെ ലഭിക്കുന്ന വരുമാനം വളരെ കുറവാണ്. അതിന്റെ തെളിവാണ്—സമുദായത്തിലെ 60 ശതമാനം കുടുംബങ്ങളും ഇന്നും നിത്യവൃത്തിക്കു പോലും കഷ്ടപ്പെടുന്നത്.”
വിഷ്ണുവിന്റെ വീടും അതിൽ നിന്നു വ്യത്യസ്തമായിരുന്നില്ല. എന്നിരുന്നാലും മക്കളുടെ വിദ്യാഭ്യാസം എന്ന കാര്യത്തിൽ അമ്മയ്ക്ക് വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായിരുന്നു.
“ചേച്ചി എട്ടാം ക്ലാസ് വരെ സിബിഎസ്‌ഇ സിലബസിലും ഞാൻ ഐസിഎസ്‌ഇ സിലബസിലുമായിരുന്നു. അതും ഉയർന്ന ഫീസ് നൽകി. അച്ഛൻ മരിച്ചപ്പോൾ ബാക്കി വെച്ച കടബാധ്യതകളും.
ഞങ്ങളുടെ വിദ്യാഭ്യാസം അമ്മയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു ഭാരം. എന്നിട്ടും മക്കളുടെ ആഗ്രഹങ്ങൾക്ക് തടസ്സമാകരുതെന്ന് അമ്മ തീരുമാനിച്ചു. അമ്മയുടെ ആ കഷ്ടപ്പാടിന്റെ വെണ്മയാണ് ഞാൻ ഇന്ന് ധരിക്കുന്ന ഡോക്ടറുടെ കുപ്പായം.”
അച്ഛനെന്ന ഓർമ, വീണയുടെ സംഗീതം
അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ് വിഷ്ണുവിന്.
“ആളുകളുടെ പേരും നാളും ചേർത്ത് താളത്തിൽ അച്ഛൻ സർപ്പസ്തുതി പാടുന്നത് ഇന്നും കാതിലുണ്ട്. പുള്ളുവ വീണ വായിക്കാനും ഞാൻ അച്ഛനിൽ നിന്നാണ് പഠിച്ചത്. 45 വർഷം അച്ഛൻ സർപ്പപ്പാട്ട് പാടി അനേകം പേരുടെ സർപ്പദോഷം ഒഴിപ്പിച്ചിട്ടുണ്ട്.”
അച്ഛന്റെ മരണശേഷം സർപ്പപ്പാട്ട് കൂടുതൽ പഠിപ്പിച്ചത് അമ്മാവൻ ടി.ആർ. രമേശനാണ്. അമ്മയുടെ സഹായത്തിനായി വിഷ്ണുവും ഒപ്പം പോയിത്തുടങ്ങി. വിദ്യാഭ്യാസ കാര്യങ്ങളിൽ പിന്തുണയായത് അമ്മയുടെ ഇളയ സഹോദരൻ ശിവപ്രസാദുമായിരുന്നു.
‘നാഗദൈവങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്നു’
വിശ്വാസം തന്നെയാണ് സർപ്പപ്പാട്ടിന്റെ ആത്മാവെന്ന് വിഷ്ണു പറയുന്നു.
“നാഗദൈവങ്ങളിൽ എനിക്ക് അടിയുറച്ചു വിശ്വാസമുണ്ട്. സർപ്പദോഷം മാറാൻ സർപ്പപ്പാട്ട് നടത്തിയ ചില ഭക്തർ മാസങ്ങൾക്കുശേഷം സന്തോഷത്തോടെ വന്ന് ദോഷങ്ങൾ മാറിയ വിവരം ദക്ഷിണ വച്ചു പറഞ്ഞിട്ടുണ്ട്.”
സന്താനസൗഖ്യം, മംഗല്യസൗഭാഗ്യം, ചർമരോഗങ്ങൾ തുടങ്ങിയ പല പ്രശ്നങ്ങൾക്കും പരിഹാരം തേടിയാണ് പലരും എത്തുന്നത്. ചിലർ വള്ളംകളിക്ക് മുന്നോടിയായി വള്ളത്തിന്റെ പേര് പറഞ്ഞ് പാടിപ്പിക്കാറുമുണ്ട്.
നവജാത ശിശുവിന് കണ്ണിൻദോഷം, നാവിൻദോഷം അകലാൻ വഴിപാടിനായി സമീപിക്കുന്നവരുമുണ്ട്.
“മനസ്സർപ്പിച്ചുള്ള പ്രാർഥനയാണ് ഓരോ പാട്ടിലൂടെയും നാഗദൈവങ്ങൾക്ക് സമർപ്പിക്കുന്നത്. എനിക്ക് ഇത് വിശ്വാസവും കുലത്തൊഴിലുമാണ്. ഇനി ഏതൊക്കെ വഴികളിൽ മുന്നേറിയാലും ഈ പാട്ടും പ്രാർഥനയും ഒപ്പമുണ്ടാകുന്നത് ഇരട്ടി സന്തോഷമാണ്,” ഡോ. വിഷ്ണു പറയുന്നു.
ENGLISH SUMMARY
Dr. Vishnu V. Nath, a doctor at Travancore Medicity Medical College, shares his unique journey of balancing a medical career with his traditional family art—“Sarpam Pattu” (serpent devotional songs performed in temples). Raised in the Pulluva community, he learned the ritual art from his parents and continued it even after becoming a doctor. He credits his mother’s sacrifices for his education and believes the tradition is not just a livelihood but also his passion and faith.
doctor-who-sings-sarpam-pattu-tradition-passion-story
Dr Vishnu V Nath, Sarpam Pattu, Kerala Culture, Pulluva Community, Temple Rituals, Passion Story, Doctor Life, Traditional Art, Inspirational Story, Kerala Feature









