പല്ലിന്റെ ആരോഗ്യം മിക്കവർക്കും ഒരു വലിയ പ്രശ്നം തന്നെയാണ്. ഇതുമൂലം ഒന്ന് ചിരിക്കാൻ പോലും മടിയുള്ളവർ ഉണ്ട്. അപ്പോൾപിന്നെ പല്ലില്ലാത്തവരുടെ കാര്യം പറയാനുണ്ടോ? എന്നാൽ, അത്തരക്കാർക്കൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ജപ്പാനിലെ ക്യോട്ടോ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ദന്തരോഗ വിദഗ്ധര്‍ പല്ലുകള്‍ വീണ്ടും മുളപ്പിക്കാന്‍ കഴിയുന്ന മരുന്ന് അവതരിപ്പിക്കാനിരിക്കുകയാണ് . ശാസ്ത്ര-സാങ്കേതിക വാര്‍ത്താ പോര്‍ട്ടലായ ‘ന്യൂ അറ്റ്‌ലസ്’ റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം, പ്രായം ഒരു ഘട്ടം കഴിഞ്ഞാല്‍ പല്ലിന്റെ വളര്‍ച്ച നില്‍ക്കുമെന്നും വെപ്പുപല്ല് വെച്ചുനടക്കേണ്ടിവരുമെന്നുമുള്ള ചിന്ത വേണ്ടെന്നാണ് പറയുന്നത്. മൃഗങ്ങളില്‍ പരീക്ഷിച്ച മരുന്ന് ഏതാനും മാസങ്ങള്‍ക്കകം മനുഷ്യരിലും പരീക്ഷിക്കാനിരിക്കുകയാണ്.
എലികളിലും കീരികളിലുമാണ് ഈ മരുന്നുകള്‍ പരീക്ഷിച്ചു വിജയം കണ്ടിരിക്കുന്നത്. പല്ലിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുന്ന ഗര്‍ഭാശയ സംവേദനശേഷിയുമായി ബന്ധപ്പെട്ട ജീന്‍-1 പ്രോട്ടീനെ(യുസാഗ്-1) നിര്‍ജീവമാക്കുകയാണ് മരുന്ന് ചെയ്യുന്നത്. ഇതിനെ തടഞ്ഞാല്‍ പുതിയ എല്ല് വളര്‍ച്ചയ്ക്കിടയാക്കുന്ന തരത്തില്‍ ബോണ്‍ മോര്‍ഫോജെനറ്റിക് പ്രോട്ടീന്(ബി.എം.പി) ഉത്തേജനമാകുമെന്ന് കണ്ടെത്തിയതാണ് വഴിത്തിരിവായത്. ഞരമ്പുകളിലൂടെയുള്ള ദന്തചികിത്സയാണ് ആശുപത്രി ഗവേഷകര്‍ നടത്താനിരിക്കുന്നത്. മരുന്നിനു പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഇനി ഇത് മനുഷ്യരില്‍ എത്രകണ്ടു ഫലപ്രദമാകുമെന്നാണ് അറിയാനുള്ളത്. മരുന്ന് ഏതാനും മാസങ്ങള്‍ക്കകം മനുഷ്യരിൽ പരീക്ഷിക്കും. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ 2025 ആഗസ്റ്റ് വരെ പരീക്ഷണം നടക്കും. 30നും 64നും ഇടയില്‍ പ്രായമുള്ള ഒരു അണപ്പല്ലെങ്കിലും നഷ്ടപ്പെട്ടവര്‍ക്കിടയിലാണു പരീക്ഷണം നടക്കുന്നത്. ക്യോട്ടോ യൂനിവേഴ്‌സിറ്റി ആശുപത്രി തന്നെയാണ് ഈ പരീക്ഷണത്തിനും വേദിയാകുന്നത്.