ബെംഗളൂരു: ദീപാവലി യാത്രാത്തിരക്കിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ബസ് സർവീസുകൾ ഒരുക്കി കർണാടക ആർടിസി. കേരളത്തിലേക്കടക്കം പ്രത്യേകം സർവീസുകൾ നടത്തും. ഈ മാസം 31 മുതൽ നവംബർ 2 വരെയാണ് പ്രത്യേക സർവീസുകൾ.(Diwali rush; karnataka rtc with special services)
കർണാടക ആർടിസിയുടെ 2000 ബസുകളാണ് വിവിധ ഇടങ്ങളിലേക്കായി സർവീസ് നടത്തുക. കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് സർവീസ് ഉണ്ടായിരിക്കുക. ശാന്തിനഗർ ഡിപ്പോയിൽ നിന്ന് കേരളത്തിലേക്കുള്ള ബസുകൾ സർവീസ് ആരംഭിക്കും
ബസുകളിൽ സീറ്റ് റിസർവേഷനു കൂടുതൽ സൗകര്യമൊരുക്കും. കേരളത്തിന് പുറമെ മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവീസുണ്ട്.
അതേസമയം ദീപാവലി,ഛാത്ത് ഉത്സവങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിലേക്ക് പോകാനുള്ളവരുടെ തിക്കിലും തിരക്കിലും പെട്ട് മുംബൈയിൽ റെയിൽവേ സ്റ്റേഷനിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ബാന്ദ്ര-ഗോരഖ്പൂർ എക്‌സ്പ്രസിൽ കയറാൻ ഇന്നലെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
ട്രെയിൻ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോഴേക്കും പലരും ഓടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് റെയിൽവേ പോലീസ് പറയുന്നു.