പത്തനംതിട്ട: കെ സി മാമ്മന്‍ മാപ്പിള ട്രോഫിക്കുവേണ്ടി പമ്പാ നദിയിൽ 14ന് നിശ്ചയിച്ചിരുന്ന 66-ാമത് ഉത്രാടം തിരുനാള്‍ ജലമേള ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നിരോധിച്ചു.District Collector S Premkrishnan banned the Uthradam Tirunal Jal Mela
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലും സംഘര്‍ഷസാധ്യത കണക്കിലെടുത്തുമാണ് നടപടി. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ് കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി.
വിക്ടര്‍ ടി തോമസ് പ്രസിഡന്റായിട്ടുള്ള പമ്പ ബോട്ട് റേസ് ക്ലബ്, പ്രകാശ് പനവേലി നേതൃത്വം നല്‍കുന്ന നീരേറ്റുപുറം ജലോത്സവ സമിതി എന്നിവരാണ് ജലമേളയ്ക്ക് അവകാശവാദമുന്നയിച്ച് മുന്നോട്ട് വന്നത്.
66-ാമത് കെ സി മാമ്മന്‍ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പ ജലമേള ഉത്രാടം നാളായ 14 ന് നീരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്പ ബോട്ട് റേസ് ക്ലബും നീരേറ്റുപുറം ജലമേള തിരുവോണ നാളായ 15 ന് നീരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് നീരേറ്റുപുറം ജലോത്സവ സമിതിയും കളക്ടര്‍ക്ക് അപേക്ഷ നല്‍കി.
എന്നാൽ പമ്പ ബോട്ട് റേസ് ക്ലബ് എന്നപേരില്‍ യഥാക്രമം പി 98/90, പി-274/2007 എന്നീ രജിസ്റ്റര്‍ നമ്പരുകളില്‍ രണ്ട് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കവും കോടതി വ്യവഹാരവും നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചു.
തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ 6ന് ജില്ലാ കളക്ടര്‍ രണ്ടു വിഭാഗത്തിന്റെയും പ്രതിനിധികളെ വിളിച്ച് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള തീയതികളില്‍ നിന്ന് ജലമേള മാറ്റി വയ്ക്കാന്‍ നിര്‍ദേശിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ നടന്നിട്ടുള്ള വള്ളംകളികളില്‍ സംഘര്‍ഷം ഉണ്ടായിട്ടുള്ളതിനാല്‍ ഇതൊരു ക്രമസമാധാന പ്രശ്നമായി മാറുമെന്ന് എസ് പിയും തിരുവല്ല ഡിവൈ എസ് പിയും റിപ്പോര്‍ട്ട് നല്‍കി.
ഇതേ തുടര്‍ന്ന് ഉത്രാടം തിരുനാള്‍ പമ്പ ജലോത്സവം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ കളക്ടര്‍ നിരോധിക്കുകയായിരുന്നു.