ഈ സ്ഥലങ്ങളിൽ നാളെ പ്രാദേശിക അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിവിധയിടങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഓണം ഘോഷയാത്രയോടനുബന്ധിച്ചും ആറന്മുളയിൽ വള്ളം കളിയുമായി ബന്ധപ്പെട്ടും ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഉച്ചക്ക് ശേഷമാണ് അവധിനൽകിയിരിക്കുന്നത്.
ആറൻമുള ഊതൃട്ടാതി വള്ളംകളി നടക്കുന്നതിനാൽ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയാണ്.
അതേസമയം പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരമാണ് അവധിയെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഗതാഗതനിയന്ത്രണം
ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തി.
ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേകോട്ട, ഈഞ്ചക്കൽ വരെയുള്ള റോഡിലും നഗരത്തിലെ പ്രധാന റോഡുകളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആണ് നിയന്ത്രണം.
ഘോഷയാത്ര കടന്നു പോകുന്ന റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. കൂടാതെ നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും എന്നും മുന്നറിയിപ്പുണ്ട്.
ഘോഷയാത്രയിലെ നിശ്ചല ദൃശ്യങ്ങൾ കിഴക്കേകോട്ട വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കൽ ബൈപ്പാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചക്കൽ ഭാഗത്തു നിന്നും മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്ക് യാതൊരു വാഹനങ്ങളും കടത്തി വിടുന്നതല്ല.
ഘോഷയാത്രയിലെ ഫ്ലോട്ടുകളും മറ്റു കലാരൂപങ്ങളും ഈഞ്ചക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട് സർവ്വീസ് റോഡ് വഴി കല്ലുമ്മൂട് ഹൈവേയിൽ കയറി ഘോഷയാത്ര അവസാനിപ്പിക്കേണ്ടതാണ് എന്നും അറിയിപ്പുണ്ട്.
ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം
തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത് 12 ദിവസം കൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വർധനവാണ് ഇക്കൊല്ലം വിൽപനയിലുണ്ടായത്.
കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപനയാണ് നടന്നത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നില്ല.
പിന്നാലെ അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ നടന്നത് 65.25 കോടിയുടെ മദ്യമായിരുന്നു.
ഒന്നാം ഓണത്തിനാണ് വിൽപന പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണത്തെ വില്പന 126.01 കോടിയായിരുന്നു.
ഓണത്തിന്റെ ആദ്യ ദിവസങ്ങളിൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കുറവായിരുന്നു വിൽപനയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഇത് മറികടന്നു.
ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ 500 കോടിക്കടുത്ത് വിൽപന നടന്നു. ഓഗസ്റ്റ് 29, 30 തീയതികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കനത്ത വിൽപനയുണ്ടായി.
Summary: district collector has declared a local holiday tomorrow in different regions. Thiruvananthapuram will observe a holiday for the Onam procession, while Aranmula will have a holiday in connection with the traditional boat race.