നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി
തിരുവനന്തപുരം: നെഹ്രു ട്രോഫി വള്ളംകളി നടക്കുന്ന ഓഗസ്റ്റ് 30ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആണ് അവധി പ്രഖ്യാപിച്ചത്.
ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. അതേസമയം പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം മാറ്റമില്ലാതെ നടക്കും.
നേരത്തെ നെഹ്രു ട്രോഫി വള്ളംകളി ദിവസം (ഓഗസ്റ്റ് 30) പ്രഖ്യാപിച്ച അവധിയില്‍ നിന്നു മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കിയ ആലപ്പുഴ ജില്ല കലക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മാവേലിക്കര എംഎല്‍എ എംഎസ്.അരുണ്‍കുമാറാണ് പരാതി നല്‍കിയിരുന്നത്.
കൂടാതെ മാവേലിക്കര താലൂക്കിനു മാത്രം അവധി നല്‍കാതിരുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവും മാവേലിക്കര കോടതിയിലെ അഭിഭാഷകയുമായ മുത്താര രാജും കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തിൽ പ്രതിഷേധിച്ച് ജില്ലാ കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജിനു താഴെ നിരവധി പേര്‍ പരാതികളുമായും എത്തിയിരുന്നു.
അതേസമയം 71-ാമത് നെഹ്റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
Summary: District Collector declares a local holiday in Alappuzha on August 30 for the Nehru Trophy Boat Race. The holiday applies to government offices and educational institutions.









