റേവ് പാര്‍ട്ടികളില്‍ പാമ്പിന്‍ വിഷം വിതരണം ചെയ്തെന്ന കേസില്‍ പിടിയിലായ പ്രമുഖ യൂട്യൂബര്‍ എല്‍വിഷ് യാദവടക്കം എട്ടുപേര്‍ക്കെതിരെ നോയിഡ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പാമ്പാട്ടികളുമായി എല്‍വിഷ് നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.. പൊലീസ് നടത്തിയ റെയ്ഡില്‍ അഞ്ച് മൂര്‍ഖന്‍ പാമ്പുകളടക്കം ആകെ ഒന്‍പത് പാമ്പുകളെ കണ്ടെത്തിയിരുന്നു. 20 മില്ലി ലീറ്റര്‍ പാമ്പിന്‍ വിഷവും പിടികൂടി.
കഴിഞ്ഞ നവംബറിലാണ് നോയിഡ സെക്ടര്‍ 51ലെ ഒരു ഹോട്ടലില്‍ വിഷപാമ്പുകളും പാമ്പിന്‍ വിഷവുമായി ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പ്രതികളെ ചോദ്യംചെയ്തതില്‍നിന്നാണ് പ്രമുഖ യൂട്യൂബറും റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഒടിടി വിജയിയുമായ എല്‍വിഷ് യാദവിന്‍റെ പങ്കിനെ സംബന്ധിച്ച് വിവരം പൊലീസിന് ലഭിച്ചത്. റേവ് പാര്‍ട്ടികളില്‍ കൊടിയ വിഷമുള്ള മൂര്‍ഖന്‍ പാമ്പുകളെയടക്കം കൊണ്ടുവരുക, പാമ്പിന്‍ വിഷം ലൈവായെടുത്ത് വിതരണം ചെയ്യുക ഇതായിരുന്നു രീതിയെന്നാണ് സംശയം. 26 വയസ്സ് പ്രായമുള്ള എല്‍വിഷിനെതിരെ പൊലീസ് കേസെടുക്കുകയും രണ്ട് തവണ ചോദ്യംചെയ്യുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തു. ബിജെപി എംപി മേനക ഗാന്ധിയുടെ സംഘടനയുടെ പരാതിയാണ് എല്‍വിഷിനെ കുടുക്കിയത്.
Read also; അമ്മത്തൊട്ടിലിൽ ഒരേദിവസം ലഭിച്ചത് രണ്ടു കുട്ടികൾ; മാനവും മാനവിയും ഇനി കരുതലിന്റെ തണലിൽ