കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് പിടിയിലായത്. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. സംവിധായകർക്കൊപ്പം സുഹൃത്ത് ഷാലിഫ് മുഹമ്മദും പിടിയിലായിട്ടുണ്ട്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇവരുടെ മുറിയിൽ പരിശോധന നടത്തിയത്. കഞ്ചാവ് ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവർക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എക്‌സൈസ് പറഞ്ഞു.
തീയറ്ററിൽ മികച്ച വിജയം നേടി പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന ‘ആലപ്പുഴ ജിംഖാന’യാണ് ഖാലിദ് റഹ്മാന്‍റെ അവസാന സിനിമ. ‘ഉണ്ട’, ‘തല്ലുമാല’, ‘അനുരാഗ കരിക്കിൻ വെള്ളം’, തുടങ്ങിയ ഹിറ്റ് സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചിട്ടുമുണ്ട്.
‘തമാശ’,’ഭീമന്റെ വഴി’ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അറസ്റ്റിലായ അഷ്റഫ് ഹംസ.