അയോധ്യ രാമക്ഷേത്രത്തിലെ ബാലരൂപത്തിലുള്ള രാം ലല്ലയുടെ വിഗ്രഹത്തിൻ്റെ ആഭരണങ്ങൾ രൂപകൽപ്പന ചെയ്യുന്നതിന് പ്രചോദനമായതെന്താണെന്ന് വെളിപ്പെടുത്തി വിഗ്രഹാഭരണ ഡിസൈനറും ചരിത്രകാരനുമായ യതീന്ദർ മിശ്ര. രാം ലല്ലയുടെ ആഭരണങ്ങൾ രൂപകല്പന ചെയ്യുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ജോലിയായിരുന്നു എന്ന് മിശ്ര പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ:
“ഇതിൽ മുഴുവൻ ട്രസ്റ്റും ഉൾപ്പെട്ടിരുന്നു. ഗോവിന്ദ് ദേവ് ഗിരിജി മഹാരാജിൽ നിന്ന് ഞങ്ങൾക്ക് എല്ലാ നിർദ്ദേശങ്ങളും ലഭിച്ചിരുന്നു. കൂടാതെ രാം ലല്ലയെ എങ്ങനെ അലങ്കരിക്കണമെന്ന കാര്യത്തിൽ ചമ്പത് റായ്ജിയുടെ പൂർണ പിന്തുണയും ഉണ്ടായിരുന്നു. രാമനെക്കുറിച്ച് വിവരിക്കുന്ന തുളസീദാസ് രചിച്ച ഇതിഹാസ കാവ്യമായ രാമചരിതമാനസ്സും വാത്മീകി രാമായണവുമെല്ലാം ഇതിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പല ശ്ലോകങ്ങളിലും മന്ത്രങ്ങളിലും ദക്ഷിണേന്ത്യൻ ഗ്രന്ഥങ്ങളിലും രാം ലല്ലയുടെ അലങ്കാരത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള മഹാനായ സന്യാസി യമുനാചാര്യ ജി രചിച്ച അലവന്ദർ സ്തോത്രത്തിൽ രാമന്റെ അലങ്കാര സങ്കല്പങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട് ”
അഞ്ചുവയസ്സുള്ള ഒരു ബാലവിഗ്രഹമായതിനാൽ കാൽത്തളയും നൽകി. അതോടൊപ്പം വിഗ്രഹത്തിന്റെ നെഞ്ചിൽ ശ്രീവത്സ ചിഹ്നം ഉണ്ടായിരുന്നു. രാമൻ കൗസ്തുഭമണി ധരിക്കുമായിരുന്നു എന്നും ഇതിഹാസങ്ങളിൽ പറയുന്നു. അതൊരു ദൈവിക രത്നമാണ്. അത് എന്തിൽ നിന്നാണെന്ന് ആർക്കും അറിയില്ല. അതിനാൽ ഞങ്ങൾ അതിനെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തി. അങ്ങനെ രാമൻ സൂര്യവംശത്തിൽ പിറന്നതാണെന്ന് മനസ്സിലാക്കി. സൂര്യൻ്റെ പ്രതീകാത്മക നിറം ചുവപ്പായതിനാൽ മാണിക്യവും വജ്രവും ഉപയോഗിച്ച് ആഭരണങ്ങളും കീരീടവും തയ്യാറാക്കാം എന്നും തീരുമാനിച്ചു.
ശ്രീരാമൻ വിജയത്തിൻ്റെ പ്രതീകമായ വൈജന്തി മാലയും ധരിക്കുമായിരുന്നു. പല ക്ഷേത്രങ്ങളിലും രാമന്റെ ആഭരണങ്ങളിൽ ഇത് കാണാം. ശ്രീരാമൻ്റെ എല്ലാ വൈഷ്ണവ ചിഹ്നങ്ങളും (ശംഖ്, ചക്രം, ഗദ ) ഉൾപ്പെടുത്തികൊണ്ട് മറ്റ് ആഭരണങ്ങളും നിർമ്മിച്ചു” മിശ്ര പറയുന്നു.
ദേവന്മാർക്ക് ഇഷ്ടമുള്ള അഞ്ച് തരം പൂക്കളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാമന്റെ ആഭരണങ്ങൾ പുരാതന ഗ്രന്ഥങ്ങളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന സിഎൻഎൻ-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാർക്വീ ലീഡർഷിപ്പ് കോണ്‍ക്ലേവിൻ്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ൻ്റെ നാലാം പതിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Also:വെബ്സൈറ്റ് വിദേശരാജ്യങ്ങളിൽ തുറക്കാനാവുന്നില്ല; വോട്ടർ പട്ടികയിൽ പേര് ചേർക്കാനാകാതെ പ്രവാസികൾ