തിരുവനന്തപുരം: സ്വകാര്യ ട്യൂഷനെടുക്കുന്ന സർക്കാർ സ്കൂൾ അധ്യാപകരെ പൂട്ടാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാർ ശമ്പളംപറ്റിയ ശേഷം സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ എ.ഇ.ഒ., ഡി.ഇ.ഒ.മാർക്ക് നിർദേശംനൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.
ഇതോടെയാണ് സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്ക് കടിഞ്ഞാണിടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയത്. സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി.
ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിൽനിലപാട് കടുപ്പിക്കുന്നത്. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഡി.ജി.പി.ക്കും സൈബർ സെല്ലിനും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പിനുള്ളിൽ തന്നെ ശുദ്ധികലശത്തിനൊരുങ്ങുന്നത്.
ചോദ്യപേപ്പർ ചോർന്നത് അധ്യാപകരുടെതന്നെ ഒത്താശയോടെയാണെന്ന നിഗമനത്തിലാണ് അധികൃതർ. സംഭവത്തിൽ കർശന നിലപാടെടുക്കാൻ വിദ്യാഭ്യാസ മന്ത്രിയും പച്ചക്കൊടി കാട്ടിയതോടെ സ്വാകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകർക്ക് പണികിട്ടുമെന്ന് ഏറെക്കുറെ ഉറപ്പായി.
ചില വിഷയങ്ങളിലെ ചോദ്യക്കടലാസാണ് കൂടുതലായും പുറത്തുപോവുന്നത്. ചില യുട്യൂബ് ചാനലുകളും സ്വകാര്യ ട്യൂഷൻ നടത്തുന്നവരും താത്‌കാലികലാഭത്തിന് ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ട്. അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനാണ് തീരുമാനം. പരീക്ഷകൾ കൂടുതൽ കുറ്റമറ്റതാക്കുന്നത് ചർച്ചചെയ്യാൻ തിങ്കളാഴ്ച ഉന്നതതലയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
പത്താംക്ലാസിലെ ഇംഗ്ലീഷിന്റെയും പ്ലസ് വണ്ണിൽ ഗണിതത്തിന്റെയും ചോദ്യപേപ്പറാണ് ചോർന്നത്. ചോദ്യക്കടലാസ് തയ്യാറാക്കുന്നതിലും അച്ചടിയിലുമൊക്കെ രഹസ്യസ്വഭാവമുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പ് നൽകുന്ന വിശദീകരണം.
എന്നിട്ടും ചോദ്യപേപ്പർ ചോർന്നു. പ്ലസ് വൺ, പ്ലസ് ടു ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പർ എസ്.സി.ഇ.ആർ.ടി. വർക്ക്ഷോപ്പ് നടത്തിയാണ് തയ്യാറാക്കുന്നത്. രണ്ടുസെറ്റ് ചോദ്യപേപ്പർ തയ്യാറാക്കും. അതിലൊരെണ്ണം തിരഞ്ഞെടുത്ത് സംസ്ഥാനത്തിനുപുറത്തുള്ള പ്രസിൽ രഹസ്യസ്വഭാവത്തോടെ അച്ചടിച്ച് ചോദ്യപേപ്പർ ജില്ലാകേന്ദ്രങ്ങളിൽ എത്തിക്കും. അവിടെനിന്ന് പ്രിൻസിപ്പൽമാർ അതു ശേഖരിക്കുന്നത്.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ചോദ്യപേപ്പർ വിവിധ ഡയറ്റുകളാണ് തയ്യാറാക്കുക. രണ്ടുസെറ്റുവീതം തയ്യാറാക്കി അതിലൊരെണ്ണം തിരഞ്ഞെടുത്ത് എസ്.എസ്.കെ. അച്ചടിച്ചശേഷം വിവിധ ബി.ആർ.സി.കളിലെത്തിക്കും. അവിടെനിന്നാണ് സ്കൂളിലേക്കു എത്തിക്കുക.
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസ് എസ്.എസ്.കെ. ശില്പശാലനടത്തി രണ്ടുസെറ്റുവീതം തയ്യാറാക്കി അതിലൊരെണ്ണം തിരഞ്ഞെടുത്താണ് ബി.ആർ.സി.വഴി സ്കൂളിലെത്തിക്കാറുള്ളതെന്നും മന്ത്രി വിശദീകരിച്ചു.