ഹ്യുണ്ടായി കാർ മാത്രമല്ല, പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന
ഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനക്കേസില്‍ പ്രതികള്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയതായി പൊലീസിന് വിവരം.
സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യൂണ്ടായി ഐ20 കാറിനൊപ്പം ഉമറും മുസമ്മിലും രണ്ട് കാറുകള്‍ കൂടി വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങള്‍ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കി.
സ്‌ഫോടനസമയത്തെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റെഡ് ഫോര്‍ട്ട് ചൗക്ക് സിഗ്‌നലിലെ ക്യാമറയില്‍ പതിഞ്ഞതാണിത്. കേസിലെ പ്രധാന പ്രതി ഡോ. മുസമ്മില്‍ ഹരിയാനയിലെ ഫരീദാബാദിലെ താഗ ഗ്രാമത്തില്‍ ഒളിവില്‍ താമസിച്ചതായും കണ്ടെത്തി.
ഇവിടെ നടത്തിയ പരിശോധനയില്‍ 2600 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഒരാഴ്ചയോളം ഇവിടെ ഒളിച്ചിരുന്ന മുസമ്മിലിനെ ഈ കേന്ദ്രത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഐ20 കാര്‍ വാങ്ങിയ ശേഷം ഉമര്‍ സര്‍വകലാശാല ക്യാംപസിലെത്തിയെന്നും ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 10 വരെ കാര്‍ ക്യാംപസില്‍ പാര്‍ക്ക് ചെയ്തിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി.
കൂട്ടാളികള്‍ അറസ്റ്റിലായ വിവരം അറിഞ്ഞ ഉമര്‍ പിന്നീട് കാര്‍ എടുത്ത് രക്ഷപ്പെട്ടുവെന്ന് ഹരിയാന പൊലീസ് വ്യക്തമാക്കുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.
അതേസമയം, ഈ സ്‌ഫോടനം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടപടിയുടെ ഭാഗമായി ഇന്ത്യ ജയ്ഷെ ആസ്ഥാനങ്ങള്‍ തകര്‍ത്തതിന്റെ പ്രതികാരമാകാമെന്ന് സംശയിക്കുന്നു.
ആക്രമണം ഭീകരപ്രവര്‍ത്തനമാണെന്ന് ഡല്‍ഹി പൊലീസ് എഫ്‌ഐആറില്‍ സ്ഥിരീകരിച്ചു. കേസ് എന്‍ഐഎ ഏറ്റെടുത്തു; കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എന്‍ഐഎ എഡിജി വിജയ് സാഗറും അന്വേഷണ സംഘത്തിലുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ജമ്മു–കശ്മീര്‍, ഡല്‍ഹി, ഹരിയാന പൊലീസുകളുടെ ഫയലുകള്‍ എന്‍ഐഎ ഏറ്റെടുത്തു. മൂന്ന് ദിവസത്തേക്ക് ചെങ്കോട്ട സന്ദര്‍ശനം നിരോധിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും അടച്ചു.
ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പൊലീസ് പരിശോധന തുടരുന്നു. സര്‍വകലാശാല പള്ളിയിലെ ഇമാം, ശ്രീനഗര്‍ സ്വദേശി മുഹമ്മദ് ഇഷ്താഖിനെ കസ്റ്റഡിയിലെടുത്തു. 70 പേരെ ചോദ്യം ചെയ്തതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും പൊലീസ് അറിയിച്ചു.
ബോംബ് പൂര്‍ണമായും സജ്ജമായിരുന്നില്ലെന്നും ഇത് ചാവേര്‍ ആക്രമണമല്ലെന്നുമാണ് അന്വേഷണ സൂചന. വാഹനം ലക്ഷ്യത്തിലേക്ക് ഇടിച്ചു കയറിയതോ വേഗത്തില്‍ നീങ്ങിയതോ അല്ലെന്നും അതിനാല്‍ ചാവേര്‍ ആക്രമണ സാധ്യത കുറവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സ്‌ഫോടന വസ്തുക്കള്‍ മാറ്റുന്നതിനിടെ പൊട്ടിയിരിക്കാനാണ് സാധ്യത. ജനുവരിയിലും സമാന സ്‌ഫോടനത്തിന് സംഘം ഗൂഢാലോചന നടത്തിയിരുന്നുവെന്നും കണ്ടെത്തി.
തിങ്കളാഴ്ച വൈകിട്ട് 6.52-ന്, ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപം ലാല്‍ കില മെട്രോ സ്‌റ്റേഷന്‍ ഗേറ്റുകള്‍ക്കിടയിലെ റോഡിലായിരുന്നു സ്‌ഫോടനം. ഹരിയാന രജിസ്‌ട്രേഷന്‍ ഉള്ള കാര്‍, ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്.
English Summary
Delhi Police suspect more vehicles were purchased by the accused (Umar and Musammil) in the Red Fort blast case. Besides the Hyundai i20 used in the explosion, two more cars are being traced.
delhi-red-fort-blast-more-cars-probe-nia
Delhi Blast, Red Fort, NIA Investigation, Umar, Musammil, Faridabad, I20 Car, Terror Probe, Jaish-e-Mohammed, CCTV Footage









