ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്.
അതേസമയം ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കേജ്‍രിവാളിനെ ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കി. കേജ്‍രിവാളിന്റെ ഭാര്യ സുനിതയും കോടതിയിലെത്തി. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും കോടതിയിലെത്തിയിട്ടുണ്ട്. ഡൽഹി റോസ് അവന്യു കോടതിക്ക് മുന്നിൽ വലിയ സുരക്ഷാവിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. തന്റെ അറസ്റ്റിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കേജ്‍രിവാൾ പറഞ്ഞത്.
കേജ്‌രിവാൾ ഇന്നു കോടതിയിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയേക്കുമെന്നാണു വിവരം. കോടതിയിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു.