ഇര ക്ഷമിച്ചതുകൊണ്ട് മാത്രം പോക്സോ കേസിൽ പ്രതിയെ വെറുതെ വിടാനാകില്ലെന്ന് ഹൈക്കോടതി
ന്യൂഡൽഹി: ശാസ്ത്രീയ തെളിവുകൾ വ്യക്തമായ പോക്സോ കേസുകളിൽ, ഇര ക്ഷമിച്ചുവെന്ന ഒരേയൊരു കാരണം ചൂണ്ടിക്കാട്ടി പ്രതിയെ വെറുതെ വിടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിധി പ്രസ്താവിക്കവെയായിരുന്നു കോടതിയുടെ നിർണായക നിരീക്ഷണം.
ഇരയായ കുട്ടിക്ക് കുടുംബാംഗങ്ങളിൽ നിന്നുള്ള സമ്മർദ്ദം മൂലം മൊഴി മാറ്റേണ്ട സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുട്ടിയെ പീഡിപ്പിച്ച വ്യക്തിയെ തന്നെ സംരക്ഷിക്കേണ്ട അവസ്ഥ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
രണ്ടാനച്ഛന് വിധിച്ച 20 വർഷം കഠിനതടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീൽ കോടതി തള്ളി.
സംരക്ഷകരിൽ നിന്ന് സംരക്ഷണം നഷ്ടപ്പെടുമെന്ന ഭീഷണിയെ തുടർന്നാകാം കുട്ടി വിചാരണ ഘട്ടത്തിൽ പ്രതിക്കെതിരായ മൊഴി മാറ്റിയതെന്നും കോടതി നിരീക്ഷിച്ചു.
2016-ൽ 12 വയസ്സിൽ താഴെ മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ രണ്ടാനച്ഛൻ പീഡിപ്പിച്ചുവെന്നതാണ് കേസ്.
ആദ്യഘട്ടത്തിൽ കുട്ടി നൽകിയ മൊഴിയും മറ്റ് ശാസ്ത്രീയ തെളിവുകളും പരിഗണിച്ചാണ് 20 വർഷത്തെ ശിക്ഷ ശരിവച്ചതെന്ന് കോടതി വ്യക്തമാക്കി.
English Summary:
The Delhi High Court has ruled that in POCSO cases backed by scientific evidence, an accused cannot be acquitted merely because the victim has forgiven or turned hostile. Dismissing an appeal by a stepfather convicted of sexually assaulting his minor stepdaughter, the court upheld the 20-year prison sentence, noting that victims may face family pressure to change their testimony and that such compromises cannot justify acquittal.
delhi-high-court-pocso-case-victim-forgiveness-not-ground-for-acquittal
Delhi High Court, POCSO Act, Child Sexual Abuse, Sexual Assault Case, Court Verdict, India Law









