ഇന്ന് ഡൽഹിയിലെ രോഹിണിയിൽ സിആർപിഎഫ് സ്കൂളിന് പുറത്തുണ്ടായ പൊട്ടിത്തെറിക്ക് കാരണം ക്രൂഡ് ബോംബിന് സമാനമായ വസ്തുവെന്ന് പ്രാഥമിക നിഗമനം. Delhi blast suspected to be a crude bomb-like substance
സംഭവം ഭീകരാക്രമണമല്ലെന്നാണ് സുരക്ഷാ ഏജൻസികളുടെ പ്രാഥമിക നിഗമനമെന്നിരിക്കെ പൊട്ടിത്തെറിയുടെ മറ്റു സാധ്യതകളെ കുറിച്ചാണ് അന്വേഷണം നീളുന്നത്.
പൊട്ടിത്തെറിയെ തുടർന്ന് പ്രദേശത്ത് ഫോറൻസിക് സയൻസ് ലബോറട്ടറി അധികൃതർ നടത്തിയ പരിശോധനയിലാണ് സുപ്രധാന കണ്ടെത്തൽ.
ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് കൂടി ലഭ്യമായാൽ മാത്രമേ വ്യക്തത വരൂ. ഇത് സ്ഥിരീകരിക്കാനായി പരിശോധനയുടെ അന്തിമ റിപ്പോർട്ടിനായി ഡൽഹി പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കാത്തിരിക്കുകയാണ്.
പൊട്ടിത്തെറിക്ക് പിന്നാലെ സംഭവസ്ഥലത്തെത്തിയ ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് ദുർഗന്ധം അനുഭവപ്പെട്ടു.
ഡൽഹി രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലുള്ള സെക്ടർ 14ലെ സിആർപിഎഫ് സ്കൂളിന് പുറത്ത് ഞായറാഴ്ച രാവിലെ 7:45നായിരുന്നു പൊട്ടിത്തെറി.
ഇതിന് പിന്നാലെ മേഖലയിൽ വൻതോതിൽ വെള്ള നിറത്തിലുള്ള കടുംപുക ഉയർന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. പൊട്ടിത്തെറിയിൽ ആർക്ക് പരിക്കില്ല.
പൊട്ടിത്തെറിക്ക് പിന്നാലെ മേഖലയുടെ നിയന്ത്രണം പോലീസും ഫയർ ഫോഴ്സും ഏറ്റെടുത്തു. എൻഎസ്ജി, എൻഐഎ, ഡൽഹി പോലീസിൻ്റെ ഭീകരവിരുദ്ധ യൂണിറ്റിലെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
സ്ഥലത്ത് ഫൊറൻസിക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വെള്ള നിറത്തിലുള്ള പൊടി വിശദ പരിശോധനയ്ക്കായി അയച്ചു.