ന്യൂഡല്‍ഹി: മദ്യോപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ പറ്റി മുന്നറിയിപ്പ് നൽകി ഐസിഎംആർ. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നു പഠനത്തെ മുൻനിർത്തി ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാൻ ആഹാര ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നൽകിയ പതിനേഴിന മാർഗനിർദേശങ്ങളിലാണ് മദ്യപാന ശീലത്തേക്കുറിച്ചും പറയുന്നത്.
അമിത മദ്യോപയോഗം വിശപ്പ് കുറയുന്നതിനും അർബുദ സാധ്യത വർദ്ധിക്കുന്നതിനും കാരണമാകുമെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു. ഒരു ബിയറിൽ രണ്ടു മുതൽ അഞ്ചുശതമാനം വരെയും വൈനിൽ എട്ടു മുതൽ പത്തുശതമാനം വരെയും ബ്രാൻഡി, റം, വിസ്കി എന്നിവയിൽ മുപ്പത് മുതൽ നാൽപത് ശതമാനം വരെയുമാണ് ഈതൈൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നത്. മദ്യത്തിലൂടെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറിൽ കൊഴുപ്പടിയുന്നതിന് കാരണമാകുകയും ചെയ്യുമെന്നും ഐസിഎംആർ പറയുന്നു.
വിശപ്പ് കുറയുന്നത് വഴി പോഷകങ്ങൾ ശരീരത്തിലെത്തുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇതുമൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. മദ്യോപയോഗം കൂടുന്നതിലൂടെ ശരീരത്തിലേക്ക് ഈതൈൽ ആൽക്കഹോൾ കൂടുതലെത്തുന്നത് ഹൈപ്പർടെൻഷൻ, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അർബുദങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ഹൃദയത്തിന്റെ പേശികൾ ക്ഷയിക്കുന്നതിനും ഫാറ്റി ലിവർ ഉണ്ടാകുന്നതിനും ലിവർ സിറോസിസിനും മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകുമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു.
Read Also: വരുന്നു ‘റിമാൽ’ ചുഴലിക്കാറ്റ് ; മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്
Read Also: അപകടം ഇല്ലാതെയാക്കണം; ദേശീയപാത നിര്‍മ്മാണ മേഖലയില്‍ രണ്ടു ദിവസത്തെ പൂജ, സംഭവം ആലപ്പുഴയിൽ