ന്യൂഡൽഹി: മീൻപിടിത്തത്തിനിടെ അപകടത്തിൽ പെട്ട് മരണം സംഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി കേന്ദ്രം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പർഷോത്തം രൂപാലയാണ് നഷ്ടപരിഹാരം വർധിപ്പിച്ചതായി അറിയിച്ചത്. അപകടത്തിൽപ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയായിരുന്നു കേന്ദ്രം നൽകിയിരുന്നത്.
മത്സ്യത്തൊഴിലാളികൾക്കായി വിവിധ ഇൻഷുറൻസ് പദ്ധതികൾ ആവിഷ്കരിക്കുകാൻ ഒരുങ്ങുന്നതായും മന്ത്രി അറിയിച്ചു. ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഫോറത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. അതേസമയം, മത്സ്യത്തിന്റെ മൊത്തം കയറ്റുമതി മൂല്യം 60,000 കോടിയിൽനിന്ന് ഒരുലക്ഷം കോടിയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2014-നുശേഷം മത്സ്യബന്ധനത്തിനും അനുബന്ധമേഖലയ്ക്കുമായി 38,000 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.