മുംബൈ : മഹാരാഷ്‌ട്രയിലെ ജൽഗാവിൽ കർണാടക എക്സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് . ട്രാക്കിൽ നിന്ന ജനങ്ങൾക്കിടയിലൂടെ ട്രെയിൻ പാഞ്ഞുപോവുകയായിരുന്നു.
ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന പുഷ്പക് എക്‌സ്പ്രസിന്റെ ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് യാത്രക്കാർ പുറത്തേക്ക് ചാടിയതെന്നാണ് വിവരം.
എന്നാല്‍ തീവണ്ടിയിൽ തീപിടിത്തമുണ്ടായി സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇത് കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് യാത്രക്കാർ ചാടിയതെന്നുമാണ് പുറത്തു വരുന്ന വിവരം.
ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തില്‍ ചാടിയത് എന്നാണ് റിപ്പോർട്ടുകൾ.
ഇവര്‍ ചാടിയ ഉടനെ എതിർദിശയിലെ ട്രാക്കിലൂടെ വന്ന ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന കർണാടക എക്സ്പ്രസ് ഇടിച്ച് കയറിയാണ് ആളുകൾ മരിച്ചത്.
പതിനാറോളം പേരെയാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് വിവരം.
ട്രാക്കിൽ നിന്ന് 12 മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റ 55 പേരെ പ്രാദേശിക സിവിൽ ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചതായും ജൽഗാവ് ജില്ലാ ഉദ്യോഗസ്ഥർ പറഞ്ഞു.
“യാത്രക്കാരിൽ ചിലർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ ഉയർന്നേക്കാം” എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു