കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കെതിരെ പോലീസ് കേസെടുത്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. മൃദംഗ വിഷൻ MD നിഗോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹിം, ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂർണ്ണിമ, നിഗോഷിൻ്റെ ഭാര്യ എന്നിവരാണ് പ്രതികൾ.(Dance event at Kalur Stadium; Police registered case)
വിശ്വാസ വഞ്ചനക്ക് ആണ് കേസെടുത്തിരിക്കുന്നത്. കലൂർ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് നടപടി. അതേസമയം സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാരെയും പ്രതിചേർത്തേക്കും. നൃത്താധ്യാപകർ വഴിയായിരുന്നു പണപ്പിരിവ് നടത്തിയത്. സംഭവത്തിൽ കൂടുതൽ പരാതികൾ കിട്ടിയാൽ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് വിവരം.
അതേസമയം നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് പരിപാടിയുമായി ബന്ധപ്പെട്ട് സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും.