ന്യൂസ് ഡസ്ക്ക് : കൊച്ചി നഗരത്തിന് പുറത്ത് കളമശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിൽ ബോംബ് പൊട്ടുന്നത് ഒക്ടോബർ 29 ഞായറാഴ്ച്ച. 28 ദിവസത്തിന് ശേഷം ഒരു ഞായറാഴ്ച്ച കേരളം നാല് കുട്ടികളുടെ മൃതദേഹത്തിന് മുന്നിൽ പകച്ച് നിൽകുന്നു. സൗത്ത് കളമശേരിയിലെ യൂണിവേഴ്സിറ്റി റോഡിൽ സ്ഥിതി ചെയ്യുന്ന ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ജനക്കൂട്ടം ചവിട്ടി അമർത്തിയത് നാല് ജീവനുകളെയാണ്. ശനിയാഴ്ച്ച രാത്രി ഉണ്ടായ അപകടത്തിന്റെ വ്യാപ്തി ഇനിയും വർദ്ധിക്കാം. അപകടത്തിൽ അത്യാസന്ന നിലയിലായ ഒരു കുട്ടി ജീവനോട് മല്ലിടുകയാണ്.
കളമശേരി താലൂക്കിലെ സാമ്ര കൺവെൻഷൻ സെന്ററിൽ പ്രാർത്ഥനയ്ക്കായി ഒരുമിച്ച് കൂടിയ യഹോവസാക്ഷികൾക്കിടയിലാണ് റിമോർട്ട് ഉപയോഗിച്ചുള്ള സ്ഫോടനം ഉണ്ടായത്. പ്രതിയായ കൊച്ചി സ്വദേശിയെ അന്ന് രാത്രി തന്നെ പിടികൂടി. പക്ഷെ കൊച്ചിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നതായിരുന്നു സ്ഫോടനം. ഏത് സാധാരണക്കാരനും സ്ഫോടനം നടത്താനുള്ള സ്വാതന്ത്രവും സാഹചര്യം കൊച്ചിയിൽ ഉണ്ടായി എന്നതാണ് യാഥാർത്ഥ്യം. മാസങ്ങൾ നീണ്ട മുന്നൊരുക്കങ്ങളിലൂടെ സ്ഫോടന വസ്തുക്കൾ പ്രതിയായ ഡൊമനിക് മാർട്ടിൻ ശേഖരിച്ചു. ലിറ്ററ്‍ കണക്കിന് പെട്രോൾ വാങ്ങി സൂക്ഷിച്ചു. വാഹനത്തിൽ നേരിട്ട് പെട്രോൾ നിറയ്ക്കുക അല്ലാതെ കുപ്പികളിൽ ഇന്ധനം നൽകരുതെന്ന കർശന ഉത്തരവ് നിൽക്കുമ്പോഴാണ്, ഡൊമനിക് വളരെ സുരക്ഷിതമായി ഒന്നിലേറെ പമ്പുകളിൽ നിന്നും പെട്രോൾ സംഭരിച്ചത്. വളരുന്ന ഐടി നഗരമെന്ന പേരിൽ കർശന സുരക്ഷ സജീകരണങ്ങൾ നിലനിൽക്കുന്ന ജില്ലയാണ് എറണാകുളം എന്ന് സംസ്ഥാന പോലീസ് വകുപ്പ് തുറന്ന് സമ്മതിക്കുന്നു. കഴിഞ്ഞ കുറേ വർഷമായി ലഹരി ഉപയോഗം അനിയന്ത്രിതമായി വർദ്ധിക്കുന്നത് കൂടി കണക്കിലെടുത്ത് ശാരീരിക പരിശോധനകളും എറണാകുളം ജില്ലയിൽ പോലീസ് നടത്താറുണ്ട്. ഇതൊന്നും ഫലപ്രദമല്ലെന്ന് കളമശേരി സ്ഫോടനത്തിലൂടെ വ്യക്തമാക്കി. സംഭവം ആവർത്തിക്കാതിരിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ചില ചട്ടങ്ങൾ എറണാകുളം ജില്ലയിൽ ഉണ്ടാക്കി.
ആൾകൂട്ടം ഉണ്ടാകുന്ന പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പോലീസിനെ അറിയിക്കണമെന്നായിരുന്നു പ്രധാന ചട്ടം. സംഘാടകർ അറിയിച്ചില്ലെങ്കിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യത്തിൽ വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ടവരെ അറിയിക്കണമെന്നത് പോലീസിനുള്ളിൽ തന്നെ ഉത്തരവായും നൽകപ്പെട്ടിരുന്നു എന്നാണ് വിവരം. പക്ഷെ കളമശേരി സ്ഫോടനം ഉണ്ടായ സാമ്ര ഓഡിറ്റോറിയത്തിൽ നിന്നും ആറ് കിലോമീറ്റർ അടുത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ക്യാമ്പസിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ച് ഒരു ഗാനമേള സംഘടിപ്പിച്ചിട്ടും സുരക്ഷ ഒരുക്കാൻ പോലീസിന് കഴിഞ്ഞില്ല. വിദ്യാർത്ഥികളും നാട്ടുകാരും ഗാനമേള നടക്കുന്ന ഓപ്പൺ ഓഡിറ്റോറിയത്തിലേയ്ക്ക് ഇരച്ച് കയറി അപകടം ഉണ്ടാക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നത് ആറ് പോലീസുകാർ മാത്രം. കിലോമീറ്ററുകൾക്ക് അപ്പുറം കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിന് സുരക്ഷ ഒരുക്കാൻ വലിയ സജീകരണങ്ങൾ ചെയ്ത പോലീസ് , സമാനമായ രീതിയിൽ ആൾകൂട്ടം വരുന്ന കുസാറ്റ് ഫെസ്റ്റിനെ അവഗണിച്ചു.
കോവിഡ് കാരണം ഇടയ്ക്ക് ഇല്ലാതിരുന്ന കുസാറ്റ് ഫെസ്റ്റ് പുനരാരംഭിക്കുന്നതിന്റെ ആവേശം വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഉണ്ടായിരുന്നു.ഫെസ്റ്റിവെല്ലിന് വലിയ പ്രചാരണം കുട്ടികൾ നൽകി. ബോളിവുഡ് ഗായികയുടെ സാമൂഹിക മാധ്യമ പേജ് വഴിയും ഫെസ്റ്റിന്റെ പോസ്റ്റുകൾ പങ്ക് വയ്ക്കപ്പെട്ടിരുന്നു. വാരാന്ത്യമായതിനാൽ കൊച്ചി നഗരത്തിൽ ആഘോഷത്തിനായി ഇറങ്ങുന്ന മറ്റ് യുവാക്കളും യുവതികളും ക്യാമ്പസിലേയ്ക്ക് എത്തുമെന്നത് സ്വഭാവികമായിരുന്നു. പക്ഷെ അതൊന്നും വേണ്ടത്ര പരിഗണിച്ചുള്ള മുന്നൊരുക്കം ക്യാമ്പസിൽ ഉണ്ടായിരുന്നില്ല. കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ പ്രത്യേക ബനിയൻ ധരിച്ച് നിന്ന കുട്ടികളാണ് ആൾകൂട്ടത്തെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. ഓപ്പൺ ഓഡിറ്റോറിയത്തിന് വലത് വശത്തുള്ള പടികെട്ട് മരണകെണിയാകുമെന്ന് ആ കുട്ടികൾ ഒരിക്കലും പ്രതീക്ഷിച്ചിട്ട് ഉണ്ടാകില്ല. പക്ഷെ ഇതൊക്കെ തിരിച്ചറിയേണ്ടത് ദുരന്തനിവാരണ സംവിധാനങ്ങളാണ്. കേരളത്തിൽ ഓരോ ജില്ല തോറും ദുരന്തനിവാരണ സംഘം ഉണ്ട്. ഇവർ എല്ലാവരും പ്രത്യേക പരിശീലനം ലഭിച്ചവരാണ്. കൂടാതെ , സഹായിക്കാൻ പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ട്.
എറണാകുളം ജില്ലയിൽ ആൾകൂട്ടം വരുന്ന രണ്ട് പരിപാടികൾ മാത്രമാണ് ശനിയാഴ്ച്ച ഉണ്ടായിരുന്നത്. ഒന്ന് , കുസാറ്റ് ഫെസ്റ്റ്. രണ്ട്, ഐ.എസ്.എൾ ഫുട്ബോൾ മത്സരം. ഈ രണ്ട് പരിപാടികളും സുഗമമായി പൂർത്തിയാക്കാനുള്ള സംവിധാനവും ജില്ലാ പോലീസിന് ഉണ്ട്. പക്ഷെ ഐ.എസ്.എൽ നല്ല രീതിയിൽ നടന്നു. ശാസ്ത്രസാങ്കേതിക വിദ്യാർത്ഥികളുടെ ആഘോഷമോ ? ഇതിന് ആര് ഉത്തരം പറയും. ബ്യൂറോക്രസിയുടെ ചട്ടകൂടിൽ നിന്ന് കൊണ്ടുള്ള അന്വേഷണം നടക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അപകടം ആവർത്തിക്കാതിരിക്കാനുള്ള പുതിയ ചട്ടങ്ങൾ വരും. കാര്യങ്ങൾ വീണ്ടും പഴയ പടിയാകും. ആൾകൂട്ടം ഉണ്ടാമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലിനെക്കുറിച്ച് കളമശേരി സ്ഫോടനത്തിന് പിന്നാലെ ചട്ടങ്ങൾ പോലും പാലിക്കാത്തവരാണ് പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നത്.
Read Also : (no title) കുസാറ്റ് അപകടത്തിൽ നാല് മരണം