അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ മുതലകളും ചീങ്കണ്ണികളും പെരുകുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെമുതൽ വെറ്റിലപ്പാറവരെയുള്ള ഭാഗങ്ങളിലെ കയങ്ങളിലാണ് ചീങ്കണ്ണികളെയും മുതലകളെയും കൂടുതലായി ഉള്ളത്.
കണ്ണൻകുഴി, വെറ്റിലപ്പാറ, തുമ്പൂർമൂഴി പത്തേയാർ തുടങ്ങിയ സ്ഥലങ്ങളിലും പുഴയിൽ സ്ഥിരമായി ചീങ്കണ്ണികളെയും മുതലകളെയും കാണാറുണ്ട്.
കൊന്നക്കുഴിയിലെ വിരിപ്പാറയിലും ഈയിടെ ചീങ്കണ്ണികളെ കണ്ടിരുന്നു. പ്രളയത്തിൽ ഒഴുകിവന്നവയാണ് പിന്നീട് മുട്ടയിട്ട് പെരുകിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശങ്ങളിൽ ഇപ്പോൾ ഇവയുടെ വിഹാരകേന്ദ്രം.
ചാലക്കുടിപ്പുഴയിലെ മത്സ്യ സമ്പത്താണ് ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലഘടകം. ചതുപ്പൻ മുതലകൾ എന്നു പ്രാദേശികമായി വിളിക്കുന്ന മുതലകളെയാണ് കൂടുതലായും കാണാറുള്ളത്.
സാധാരണയായി പുഴയിലെ ആഴങ്ങളിൽ കഴിയുന്ന ഇവ ഉച്ചയോടെ വെയിൽ കൊള്ളാൻ പാറപ്പുറത്തും പുഴയോരത്തും കിടക്കുകയും വൈകുന്നേരം ആഴങ്ങളിലേക്ക് ഊളിയിടുകയാണ് പതിവ്. ആളനക്കമില്ലാത്ത സ്ഥലങ്ങളിൽ ഇവ മണലിൽ കയറി മുട്ടയിടും. മത്സ്യങ്ങളെയും ചെറു ഇനം മറ്റു ജീവികളെയും ഭക്ഷിക്കുന്നഇത്തരം മുതലകൾ ആളനക്കം കേട്ടാൽ വെള്ളത്തിലേക്കു മറയുകയാണു പതിവ്.
പുഴയിലും തുരുത്തുകളിലുമായി ഇവയെ സ്ഥിരമായി കാണുന്നത് വംശവർധനവ് മൂലമല്ലെന്നാണ് അധികൃതരുടെ വാദം. പുലിയടക്കമുള്ള ജന്തുക്കളും പരുന്തും മുട്ടവിരിയുന്ന വേളയിൽ കുഞ്ഞുങ്ങളെ തിന്നുന്നതിനാൽ വംശവർധനവ് കാര്യമായി ഉണ്ടാകാറില്ലെന്നും ഇവിടെയും ശത്രുജീവികൾ ധാരാളമുള്ളത് കാര്യമായ വർധനവിന് ഇടയാക്കില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
പുഴയിൽ വിവിധയിനം മുതലകളുടെയും ചീങ്കണ്ണിയുടെയും സാന്നിധ്യം ഉണ്ടെങ്കിലും ഇതുവരെയും മനുഷ്യ ഉപദ്രവം ഉണ്ടായിട്ടില്ല.