രാഹുല്‍ മാങ്കൂട്ടത്തിലിന് ക്രൈംബ്രാഞ്ച് നോട്ടീസ്
തിരുവനന്തപുരം: ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി ക്രൈംബ്രാഞ്ച്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ചോദ്യം ചെയ്യുന്നതിനാണ് നോട്ടീസ് നൽകിയത്. ശനിയാഴ്ച ഹാജരാകാനാണ് നിർദേശം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായ സംഭവമായിരുന്നു. ഇതിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മ്യൂസിയം പൊലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി രാഹുലിന് നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവ് ലഭിച്ചില്ലെന്നാണ് പൊലീസ് കണ്ടെത്തൽ.
കേസിൽ രാഹുലുമായി അടുത്ത ബന്ധമുള്ള ചില കൂട്ടാളികളെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
കേസിലെ മൂന്നാം പ്രതിയുടെ ഫോണിലുള്ള ശബ്ദ സന്ദേശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പറ്റിയുള്ള പരാമര്‍ശം അടങ്ങിയത് പോലീസ്
വീണ്ടെടുത്തിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുന്നതിനായി വിളിച്ചു വരുത്തുന്നത്.
ഒരാഴ്ച്ചക്കിടെ മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത് രണ്ടു തവണ മാത്രം; ആടൂരിലെ വീട്ടിൽ അടച്ചുപൂട്ടി ഇരിക്കുന്നു; എല്ലാവരും കൈവിട്ടു, ഇനി രാഷ്ട്രീയ വനവാസം!
തിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ വ്യക്തമായ മറുപടി നൽകാതെ വീട്ടിൽ തന്നെ ഇരിപ്പാണ് യുവ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. എതിർ കക്ഷികളെ വീറോടെ ആക്രമിക്കുന്ന ശൈലിയുള്ള രാഹുൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിശബ്ദനാണ്.
ഏഴു ദിവസമായി അടൂരിലെ വീട്ടിൽ തന്നെ തുടരുകയാണ് രാഹുൽ. ഇതിനിടെ രണ്ടു തവണയാണ് മാധ്യങ്ങൾക്ക് മുന്നിൽ വന്നത്. ആദ്യം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു എന്ന് പ്രഖ്യാപിക്കാനും രണ്ടാമത് ട്രാൻസ്ജെൻഡർ അവന്തിക ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാനും.
“എല്ലാം വ്യക്തമാക്കും” എന്ന് പറഞ്ഞുകൊണ്ട് വിളിച്ച വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കിയതും അദ്ദേഹത്തിന്റെ നിലപാടിനെപ്പറ്റി കൂടുതൽ സംശയങ്ങൾക്ക് ഇടയായി.
ഫോൺ സംഭാഷണം ആരുടേതാണെന്ന കാര്യത്തിലും, ആരെങ്കിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ലെങ്കിലും, ആരോപണങ്ങളെ തുറന്ന് നിഷേധിക്കാൻ അദ്ദേഹം തയ്യാറാകാത്തത് കോൺഗ്രസിനും പൊതുജനങ്ങൾക്കും ചിന്താവിഷയമായി.
പെൺകുട്ടികളെ വ്യാപകമായി ചൂഷണം ചെയ്തു എന്നതാണ് ഇപ്പോൾ ശക്തമായ നിലയിൽ മുന്നോട്ട് വരുന്ന ആരോപണം.
ഇനിയും കൂടുതൽ ആളുകൾ പരാതി നൽകാൻ സാധ്യതയുണ്ടെന്ന അനിശ്ചിതത്വം കോൺഗ്രസിനെയും രാഹുലിനെയും കുഴക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ, കോൺഗ്രസ് പാർട്ടി കടുത്ത നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾ പ്രകാരം, കോൺഗ്രസ് സ്പീക്കർക്കു കത്ത് നൽകി രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കും. അതോടെ അദ്ദേഹം സ്വതന്ത്ര അംഗമായി മാറുകയും, ഇപ്പോഴത്തെ സീറ്റും മാറാനുള്ള സാധ്യത ഉയരുകയും ചെയ്യും. ഇതോടെ കോൺഗ്രസിന്റെ വിപ്പും രാഹുലിന് ബാധകമാകില്ല.
Summary: The Crime Branch has issued a notice to MLA Rahul Mamkootathil in connection with the fake ID card case. He has been directed to appear for questioning on Saturday.