ഡൽഹിയിൽ വായുമലിനീകരണതോത് കൂടുന്നു. ശരാശരി വായുഗുണനിലവാര സൂചിക ഇന്ന് 328 ആയി.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് വ്യാപകമായതുമാണ് സ്ഥിതി വീണ്ടും ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചത്.
വരും ദിവസങ്ങളിൽ വായുഗുണനിലവാരതോത് നാനൂറിനും മുകളിൽ ഗുരുതര അവസ്ഥയിലെത്തുമെന്ന് വിലയിരുത്തുന്നു. ജഹാംഗീർപുരി, വാസിപൂർ എന്നിവിടങ്ങളിൽ 350 ന് മുകളിലാണ് വായുമലിനീകരണ തോത്. ഈ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ഡൽഹി സർക്കാറിന്റെ നീക്കം. ഇതിന് മുന്നോടിയായി പടക്കം പൊട്ടിക്കുന്നത് തടയാൻ ക്യാംപയിൻ തുടങ്ങി.
മലിനീകരണ തോത് ഏറ്റവും രൂക്ഷമായ 13 ഹോട്സ്പോട്ടുകളിൽ ഡ്രോൺ നിരീക്ഷണം തുടങ്ങും. അതേസമയം ഡൽഹിയിലെ പൊളിഞ്ഞ റോഡുകളിൽ നിന്നുയരുന്ന പൊടിയും പഞ്ചാബ് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങളിൽ തീയിടുന്നതുമൂലമുണ്ടാകുന്ന പുകയും ഡൽഹിയിലെ മലിനീകരണ തോത് ഇത്രയും രൂക്ഷമാക്കി.
മലിനീകരണത്തിൽ ഡൽഹി സർക്കാറിനെതിരെ പ്രതിഷേധിക്കുന്നതിനായി യമുനയിൽ മുങ്ങിയ വീരേന്ദ്ര സച്ദേവയെ കഴിഞ്ഞ ദിവസം ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മലിനീകരണ നിയന്ത്രണത്തിൻറെ ഭാഗമായി ഡൽഹിയിൽ പടക്കം നിരോധിച്ചു. എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, സംഭരണം, വിൽപന എന്നിവയ്ക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിറക്കി.
English summary : Crackers are banned on Diwali; drone surveillance is in 13 hotspots; strict control is in Delhi