ആലുവക്ക് സമീപം ശ്രീമൂലനഗരത്തിൽ ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപിച്ച മുൻപഞ്ചായത്ത് അംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ, ദൃക്സാക്ഷികൾ എന്നിവരുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
ഇന്നലെ രാത്രി 10.30ഓടെയാണ് ആലുവയെ നടുക്കി ഗുണ്ടാ ആക്രമണം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് അംഗവുമായ പി. സുലൈമാന് നേരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. ഒപ്പമുണ്ടായിരുന്ന മറ്റു നാലുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ചുറ്റിക കൊണ്ട് സുലൈമാന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തുകയും തുടര്‍ന്ന് നെഞ്ചില്‍ ചവിട്ടുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വെട്ടേറ്റ സുലൈമാന്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. പരിക്കേറ്റ മറ്റുള്ളവരെയും രാജഗിരി ആശുപത്രിയിലാണ്.
നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട സ്ഥലത്താണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയത് ജില്ലയ്ക്ക് പുറത്തുള്ള ഗുണ്ടാസംഘമാണെന്നാണ് റിപ്പോര്‍ട്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് സംഭവത്തിന് പിന്നിൽ കാറിലും ബൈക്കിലുമെത്തിയ എട്ടംഗ ഗുണ്ടാസംഘമാണെന്ന് പൊലീസ്‍ കണ്ടെത്തിയത്. വടിവാളും ഇരുമ്പ് കമ്പികളുമായി ആക്രമണം നടത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കാർ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.