ന്യൂഡൽഹി: രാഹുൽ ഗാന്ധി തന്നെ നേരിട്ട് സംസാരിച്ചിട്ടും ലേഖന വിവാദത്തിൽ നിലപാടിൽ ഉറച്ചു നിൽക്കുന്ന ശശി തരൂരിനോട് ഇനി ഒരു ചർച്ചയും വേണ്ടെന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാന നേതാക്കൾ പലവട്ടം പരാതി അറിയിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ശശി തരൂരിനോട് ദേശീയ നേതൃത്വം മൃദുസമീപനമാണ് കാട്ടിയത്.
വിശ്വപൗരൻ എന്ന ഇമേജിൽ നിൽക്കുന്ന ശശി തരൂരിനെതിരെ ഒരു നടപടിയും വേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിലെ ധാരണ. എന്നാൽ പാർട്ടി പൂർണ്ണ പരാജയം എന്ന് പ്രഖ്യാപിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തുകയും ചെയ്തതോടെയാണ് ഇതിൽ മാറ്റം വരുത്തിയത്.
രാഹുൽ ഗാന്ധി തന്നെ ശശി തരൂരിനെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചതും ഇതേ തുടർന്നാണ്. സംഘടനാ തലത്തിലെ അവഗണനയിലെ പരാതികളാണ് ശശി തരൂർ രാഹുൽ ഗാന്ധിക്ക് മുന്നിൽ വച്ചത്. ഇത് പരിശോധിക്കാമെന്നും പാർട്ടി നിലപാടിനൊപ്പം മുന്നോട്ടു പോകണം എന്ന നിർദേശവും നൽകിയാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച അവസാനിച്ചത്.
എന്നാൽ അടുത്ത ദിവസം തന്നെ ലേഖനത്തിൽ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തെ പുകഴ്ത്തിയതിനെ ന്യായീകരിക്കുകയായിരുന്നു ശശി തരൂർ . ഒപ്പം കേരളത്തിലെ കോൺഗ്രസ് നേതാക്കളെ അടപടലം പരിഹസിക്കുകയും ചെയ്തു.
ഇതോടെ സംസ്ഥാന നേതൃത്വം ഹൈക്കമാൻഡിനെ കാര്യങ്ങളുടെ പോക്ക് അത്ര ശരിയല്ലെന്ന് ധരിപ്പിച്ചു. എംപി എന്ന നിലയിലും കോൺഗ്രസ് വർക്കിങ് കമ്മറ്റിയംഗം എന്ന നിലയിലും ശശി തരൂരിന്റെ പ്രവർത്തനം പാർട്ടിക്ക് ഒരു ഗുണവും ഇല്ലെന്ന നിലപാടാണ് നേതാക്കൾ അറിയിച്ചത്. ഇതോടെയാണ് ശശി തരൂരിന് ഇനി ഒരു പരിഗണനയും നൽകേണ്ടെന്ന ധാരണയിൽ എത്തിയിരിക്കുന്നതായാണ് റിപ്പോർട്ട്.
ദേശീയതലത്തിലും സംസ്ഥാനതലത്തിലും സംഘടനാ ചുമതലകൾ വേണമെന്ന ശശി തരൂരിന്റെ ആവശ്യം ഇനി പരിഗണിക്കാൻ സാധ്യത ഇല്ല. ശശി തരൂരിന്റെ തുടർ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം കൂടുതൽ ഇടപെടലുകൾ നടത്താനാണ് ഹൈക്കമാന്റ് തീരുമാനം.