സൈബർ ലോകത്ത് ബിജെപിയെ തോൽപ്പിച്ച് കോൺഗ്രസിന്റെ മുന്നേറ്റം. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ കോൺഗ്രസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.മാര്‍ച്ച് 16 മുതല്‍ മെയ് 30 വരെയുള്ള കണക്കുകള്‍ പ്രകാരം യൂട്യൂബില്‍ കോണ്‍ഗ്രസിന്റെ വീഡിയോകള്‍ നേടിയത് 61. 3 കോടി കാഴ്ചക്കാരെയാണ്. ബിജെപിക്ക് ഇക്കാലയളവിൽ നേടാനായത് വെറും 15 കോടി കാഴ്ചക്കാരെയും.
തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ മോദിയെക്കാൾ രാഹുൽ ഗാന്ധിയാണ് സൈബറിടങ്ങളിൽ തിളങ്ങിയത്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയാണ് സമൂഹ മാധ്യമങ്ങളെ കൃത്യമായി ഉപയോഗിച്ചതെങ്കിൽ, ഇക്കുറി കോൺഗ്രസ് സൈബറിടങ്ങളിൽ ബിജെപിയേയും കടത്തിവെട്ടുന്ന കാഴ്ച്ചയാണ്.
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ മോദിയുടെ പ്രസംഗങ്ങളെക്കാള്‍ കാഴ്ചക്കാരെ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.
എക്സില്‍ ബിജെപിയെ 3.9 ലക്ഷം പേര്‍ പുതിയതായി പിന്തുടര്‍ന്നപ്പോള്‍ 3.1 ലക്ഷം പേര്‍ കോണ്‍ഗ്രസ് പേജിലേക്കെത്തി. എന്നാല്‍ പുതിയ യൂട്യൂബ് സബ്സ്കൈബേഴ്സിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മിപാര്‍ട്ടിയാണ് ഒന്നാമത്. കോണ്‍ഗ്രസ് രണ്ടാമതും ബിജെപി മൂന്നാമതുമായി. രാഹുല്‍ ഗാന്ധിയെ 26 ലക്ഷം പേര്‍ ഇന്‍സ്റ്റഗ്രാമില്‍ തെരഞ്ഞെടുപ്പിന് ശേഷം പുതിയതായി പിന്തുടര്‍ന്നപ്പോള്‍ മോദിയെ തേടി 20 ലക്ഷം പേരെത്തി. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നവരുടെ ആകെ എണ്ണം 8.9 കോടിയാണ്. രാഹുലിനെ ആകെ പിന്തുടരുന്നത് 86 ലക്ഷം പേരും. സമൂഹമാധ്യമങ്ങളെ കൂടുതലായി കോണ്‍ഗ്രസ് ഉപയോഗിച്ച് തുടങ്ങിയെന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ സോഷ്യലിടത്ത് കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നത്.