എംപിമാർ എംഎൽഎമാരാകേണ്ട; കൂട്ടത്തോടെ ജയിച്ചാൽ വെല്ലുവിളികൾ നേരിടേണ്ടിവരും; 50 ഇടത്ത് ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങി കോൺഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കാനുള്ള സാധ്യത കുറവാണെന്ന സൂചനകൾ ശക്തമാകുന്നു.
എംപിമാർ എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കുന്നത് പാർട്ടിക്ക് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിനുള്ളത്. ഈ നിലപാട് മുതിർന്ന നേതാവ് പി.ജെ. കുര്യൻ തുറന്നുപറഞ്ഞു.
അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന യുഡിഎഫ് പ്രചാരണജാഥയ്ക്ക് മുമ്പ് അൻപത് നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.
ഇതിന്റെ പ്രാഥമിക രൂപരേഖ വയനാട് ക്യാമ്പിൽ തയ്യാറാക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ സംസ്ഥാനത്ത് ഭരണമാറ്റത്തിന് സാഹചര്യമുണ്ടെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാമ്പ്.
ഡൽഹിയിൽ തുടരുന്നതിന് പകരം കേരള രാഷ്ട്രീയത്തിൽ സജീവമാകണമെന്ന ആഗ്രഹം ചില എംപിമാർക്കുണ്ടെങ്കിലും, എംപി സ്ഥാനം രാജിവെച്ച് എംഎൽഎമാരാകുന്നത് പ്രതിപക്ഷം പ്രചാരണായുധമാക്കുമെന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്.
ഒന്നോ രണ്ടോ എംപിമാർക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദവുമായി രംഗത്തുവരാനും പാർട്ടിക്കുള്ളിൽ തർക്കമുണ്ടാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
കൂട്ടത്തോടെ എംപിമാർ മത്സരിച്ചു ജയിച്ചാൽ ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പുതിയ വെല്ലുവിളികൾ നേരിടേണ്ടിവരും. അതിനാൽ എംപിമാർ അവരുടെ നിലവിലെ സ്ഥാനങ്ങളിൽ തുടരുന്നതാണ് ഉചിതമെന്ന അഭിപ്രായം ശക്തമാകുകയാണ്.
ഫെബ്രുവരിയിൽ ആരംഭിക്കുന്ന യുഡിഎഫ് ജാഥയ്ക്ക് മുമ്പ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനാണ് നീക്കം. പതിവായി തോൽക്കുന്ന ചില സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുനൽകാനും തീരുമാനമുണ്ടാകാം.
സിറ്റിങ് എംഎൽഎമാരിൽ ഭൂരിഭാഗവും വീണ്ടും മത്സരിക്കും. സെലിബ്രിറ്റി സ്ഥാനാർത്ഥികളും പട്ടികയിൽ ഇടംപിടിക്കുമെന്ന് സൂചനയുണ്ട്.
നടൻ രമേഷ് പിഷാരടി ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരിഗണനയിലുണ്ട്. സംഘടനാപരമായ ഒരുക്കങ്ങളും തന്ത്രങ്ങളും ചർച്ച ചെയ്യുന്ന വയനാട് ക്യാമ്പ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പദ്ധതികളുടെ നിർണായക കേന്ദ്രമാകും.
English Summary
Congress MPs are unlikely to contest the upcoming Kerala Assembly elections, as party leaders believe it would send a wrong political message. Senior leader P.J. Kurien has openly opposed MPs shifting to MLA roles. The Congress plans to finalize candidates in 50 constituencies before the UDF campaign yatra begins, with the framework to be decided at the Wayanad camp. Concerns include internal disputes, opposition propaganda, and the complications of by-elections if MPs resign. Most sitting MLAs are expected to contest again, and celebrity candidates may feature in the list.
congress-mps-kerala-assembly-election-stand
Congress, Kerala Assembly Election, UDF, P J Kurien, Congress MPs, Candidate Selection, Wayanad Camp, Kerala Politics









