ഇടുക്കി: കോൺഗ്രസ് പാർട്ടിയിൽ വീണ്ടും രാജി. കെപിസിസി എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയും ആയിരുന്ന പിപി സുലൈമാൻ റാവുത്തറാണ് രാജിവച്ച് സിപിഎമ്മിലേക്ക് പോകുന്നത്. കെപിസിസി അംഗം രമേശ് ചെന്നിത്തല ചെയർമാനായ 25 അംഗ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അംഗത്വം രാജി വച്ച റാവുത്തർ ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
തൊടുപുഴ ന്യൂമാൻ കോളേജിൽ കെ.എസ്.യു. നേതാവായിട്ടാണ് റാവുത്തർ കോൺഗ്രസ്സ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. വി.എം. സുധീരൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായപ്പോൾ സംസ്ഥാന ട്രഷറർ ആയും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡൻറായപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
1982 ൽ ഇടുക്കിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച് 1200 വോട്ടിന് പരാജയപ്പെട്ടു. 1996 ൽ ഇപ്പോഴത്തെ യു.ഡി.എഫ്. കൺവീനർ ജോയി വെട്ടിക്കുഴിയെ പരാജയപ്പെടുത്തി ഇടുക്കിയിൽ നിന്നും എൽ.ഡി.എഫ്. എം.എൽ.എ. ആയി. രണ്ട് തവണ ഇടുക്കി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് 30,000 വോട്ടുകൾ വീതം നേടിയിരുന്നു. ഇടുക്കി പാർലമെൻറ് മണ്ഡലത്തിലാകെ വിപുലമായ സൗഹൃദബന്ധവും പ്രവർത്തന പരിചയവുമുള്ള സുലൈമാൻ റാവുത്തറുടെ വരവ് ജോയ്സ് ജോർജിൻറെ വിജയത്തിന് കരുത്ത് പകരുമെന്ന് ഇടത് നേതാക്കൾ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് തൊടുപുഴ പ്രസ് ക്ലബ്ബിൽ സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വർഗീസിനോടൊപ്പം സുലൈമാൻ റാവുത്തർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും.