കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവച്ചു
പാലക്കാട്: ലൈംഗികാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വനിതാ കൗൺസിലർ രാജിവച്ചു. ഷൊർണൂർ നഗരസഭയിലെ 31-ാം വാർഡ് കോൺഗ്രസ് കൗൺസിലർ സി സന്ധ്യയാണ് സ്ഥാനം രാജിവച്ചത്.
പത്ത് വർഷമായി യു ഡി എഫ് കൗൺസിലറായ സന്ധ്യ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിക്കാത്തതിടക്കം ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്.
കൂടാതെ പാലക്കാട് എം പി വി.കെ. ശ്രീകണ്ഠന്റെ അവഗണനയും രാജി പ്രഖ്യാപനത്തിന് കാരണമായെന്നാണ് വിവരം. സ്വമേധയാ ഞാൻ രാജിവയ്ക്കുന്നുവെന്നാണ് സന്ധ്യ രാജിക്കത്തിൽ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി
പന്തളം: കെപിഎംഎസ് സംഘടിപ്പിക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കി. കെപിഎംഎസ് കുളനട യൂണിയന്‍ സെപ്റ്റംബര്‍ ആറിന് നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്.
ആഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്യുന്നതിനായാണ് രാഹുലിനെ നിശ്ചയിച്ചിരുന്നത്. രാഹുലിന്റെ പേരുവെച്ച് നോട്ടീസും പോസ്റ്ററും പുറത്തിറക്കിയിരുന്നു.
എന്നാൽ പിന്നീട് രാഹുല്‍ മാങ്കുട്ടത്തിലിനെ മാറ്റി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനായി നിശ്ചയിക്കുകയായിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് കെപിഎംഎസ് യൂണിയന്‍ പ്രസിഡന്റ് കുളനട ഗോപാലകൃഷ്ണന്‍ അറിയിച്ചു.
രാഹുലിനെതിരെ അന്വേഷണ ചുമതല ഡിവൈഎസ്പി ഷാജിയ്ക്ക്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ ലൈംഗികാരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച ആറ് പരാതികളിലാണ് നിലവിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്.
നേരത്തെ ഡിവൈഎസ്പി ബിനുകുമാറിനായിരുന്നു അന്വേഷണ ചുമതല. നാലംഗ സംഘത്തില്‍ സൈബര്‍ വിങ് സിഐ ഉള്‍പ്പെടെയുള്ളവരാണ് കേസ് അന്വേഷിക്കുക.
അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാഹുല്‍മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.
Summary: Congress councilor C Sandhya resigns from Shoranur Municipality’s 31st ward in protest against inaction on sexual harassment allegations against MLA Rahul Mamkootathil.