ആലപ്പുഴ: ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചതായി പരാതി. കായംകുളം ചാരുംമൂട് സെൻ മേരീസ് സ്കൂളിലെ അധ്യാപികയ്ക്ക് എതിരെയാണ് പരാതി. മുഖത്തും, കൈയ്ക്കും കാലിനും മർദ്ദിച്ചതായും ചെവിക്കും പരിക്കേറ്റിട്ടുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(Complaint that the first class student was brutally beaten by the teacher)
ടീച്ചർ മുഖത്തും കാലിലും അടിച്ചെന്നും കണ്ണ് വേദനിക്കുന്നുണ്ടെന്നും കുട്ടി പ്രതികരിച്ചു. തനിക്ക് പേടിയാണെന്നും സ്കൂളിൽ പോകേണ്ടെന്നും കുട്ടി പറഞ്ഞു. കയ്യിൽ ചുവന്ന പാട് കണ്ടിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. കയ്യിലല്ലേ അടിച്ചത് പോട്ടെ സാരമില്ലെന്ന് വിചാരിച്ചു. പിന്നെ നോക്കിയപ്പോഴാണ് കാലിലെ പാട് കണ്ടത്. ചോദിച്ചപ്പോൾ കവിളിലും നെറ്റിയിലും അടിച്ചെന്ന് കുട്ടി പറഞ്ഞു. മുഖത്തടിച്ചു എന്ന് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ല. മക്കളുള്ള ആരെങ്കിലും ഇന്നത്തെ കാലത്ത് അത് ചെയ്യുമോയെന്നും മുത്തശ്ശി ചോദിച്ചു.
അതേസമയം ആരോപണങ്ങൾ സ്കൂൾ അധികൃതർ തള്ളി. സ്കൂളിൽ വച്ച് അധ്യാപിക കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം. പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സെപ്റ്റംബർ അഞ്ചിന് കുട്ടിയുടെ മുത്തശ്ശി വാക്കാൽ പരാതി പറഞ്ഞിരുന്നു.
ഓഗസ്റ്റ് 30ന് കുട്ടിയെ മായ എന്ന ടീച്ചർ കവിളിൽ അടിച്ചുവെന്നായിരുന്നു പരാതി. ഇത് ടീച്ചറെ വിളിച്ചുവരുത്തി മുത്തശ്ശിയുടെ സാന്നിധ്യത്തിൽ ചോദിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു ടീച്ചറുടെ പ്രതികരണം. ക്ലാസിൽ വെച്ച് വിദ്യാർത്ഥികളോടും സംഭവത്തെ കുറിച്ച് ചോദിച്ചിരുന്നുവെന്നും കുട്ടികളും സംഭവം നടന്നിട്ടില്ലെന്നാണ് പറഞ്ഞതെന്നും സ്കൂൾ അധികൃതർ പറയുന്നു.