കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി.
സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിന്‍ വര്‍ക്കി ഉൾപ്പെടെ എട്ട് നേതാക്കള്‍ക്കെതിരെ കോലഞ്ചേരി സ്വദേശിനി ടി ആര്‍ ലക്ഷ്മിയാണ് പരാതി നല്‍കിയത്.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന പ്രഖ്യാപനം നടത്തുകയും ഫണ്ട് ശേഖരണം നടത്തുകയും ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ദുരന്തബാധിതര്‍ക്കുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ദുരുപയോഗം നടന്നതായാണ് പരാതിക്കാരിയുടെ ആരോപണം. പിരിച്ച തുകയുടെ കണക്കുകളും വിശദാംശങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തുക വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി നേതാക്കള്‍ ദുരുപയോഗം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പരിശീലന ക്യാമ്പില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എട്ടുലക്ഷം രൂപ വീതം ചെലവുള്ള മുപ്പത് വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു ക്യാമ്പില്‍ രാഹുലിനെതിരെ ഉയര്‍ന്ന വിമര്‍ശനം.
എന്നാല്‍ വിമര്‍ശനങ്ങളെ രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളിയിരുന്നു. ദുരന്തബാധിതര്‍ക്കായി 2.4 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസ് അക്കൗണ്ട് വഴിയാണ് പണം ശേഖരിച്ചത്. ഇതുവരെ 84 ലക്ഷം രൂപയാണ് ലഭിച്ചത്. ഇത് കെപിസിസിക്ക് കൈമാറും.
സമാനപദ്ധതി പാര്‍ട്ടിയും നടത്തുന്നുണ്ടെന്നും പ്രഖ്യാപിച്ച തുക മുഴുവനും കൈമാറുമെന്നും ആലപ്പുഴയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടായി രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചിരുന്നു.
Summary : Complaint filed against Youth Congress leaders, including state president Rahul Mamkootathil, over fund collection related to Wayanad landslide relief.