ദലിത് യുവാവിന്റെ കൈ വെട്ടിമാറ്റിയതായി പരാതി. ബുള്ളറ്റ് ഓടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് സംഭവം. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ അയ്യാസാമി എന്ന യുവാവാണ് ക്രൂരമർദനത്തിന് ഇരയായത്. സംഭവത്തിൽ മേൽജാതിക്കാരായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിനോദ്, ആദി ഈശ്വരൻ, വല്ലരസു എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കോളജിൽ നിന്ന് തിരിച്ചുവരുമ്പോൾ മൂന്നുപേർ യുവാവിനെ റോഡിൽ തടഞ്ഞുനിർത്തി ജാതീയമായി അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു.
അയ്യാസാമിയെ ഉടൻ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അക്രമികളിൽ നിന്ന് ഓടിരക്ഷപ്പെട്ട അയ്യാസാമിയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. യുവാവ് നിലവിൽ മധുരയിലെ രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്.