ആലപ്പുഴ: ആദ്യ കഴുകലിൽ പുതിയ ചുരിദാറിന്റെ നിറം പോയതിനെത്തുടർന്ന് കടയുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ആലപ്പുഴ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതിച്ചെലവും ചുരിദാറിന്റെ വിലയും നൽകണമെന്നാണ് ഉത്തരവ്. ആലപ്പുഴ രേവതിയിൽ കെ സി രമേശാണ് പരാതിക്കാരൻ.
ആലപ്പുഴ വഴിച്ചേരിയിൽ പ്രവർത്തിക്കുന്ന റെഡിമെയ്ഡ് സ്ഥാപനത്തിൽ നിന്നാണ് രമേശ് ചുരിദാർ വാങ്ങിയത്. മരുമകൾക്ക് വിവാഹവാർഷിക സമ്മാനമായി ചുരിദാറിന് 2,350 രൂപയായിരുന്നു വില. എന്നാൽ ആദ്യ കഴുകലിൽത്തന്നെ ചുരിദാർ ചുരുങ്ങി, കളറും പോയി. ഇതോടെ ആലപ്പുഴ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
ചുരിദാറിന്റെ വിലയായ 2,350 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും കോടതിച്ചെലവിനത്തിൽ 2,000 രൂപയും 30 ദിവസത്തിനുള്ളിൽ നൽകണമെന്ന് ആലപ്പുഴ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് പി ആർ ഷോളിയും അംഗം സി കെ ലേഖമ്മയും ഉത്തരവിട്ടു. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ ഇ ഡി സക്കറിയാസ്, എസ് രാജി എന്നിവർ ഹാജരായി.
Read Also: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി