കൊല്‍ക്കത്ത: ക്രൂര ബലാത്സംഗത്തിനിരയായി യുവഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടരാജി വെച്ച് കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ സീനിയര്‍ ഡോക്ടര്‍മാർ. ആശുപത്രിയിലെ ബലാത്സംഗക്കൊലയില്‍ പ്രതിഷേധം അറിയിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ചാണ് 50 ഡോക്ടര്‍മാര്‍ ഒരുമിച്ച് രാജി സമർപ്പിച്ചത്. (Collective resignation of senior doctors at RG Kar Medical College, Kolkata)
ജൂനിയര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ നിരാഹാര സമരം നടത്തുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് പതിനഞ്ചോളം സീനിയര്‍ ഡോക്ടര്‍മാര്‍ നിരാഹാര സമരം നടത്തിയിരുന്നു.
സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും കേന്ദ്രീകൃത റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുക, കിടക്ക ഒഴിവുകള്‍ അറിയാന്‍ നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓണ്‍-കോള്‍ റൂമുകള്‍, ശുചിമുറികള്‍ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക, ആശുപത്രികളില്‍ പൊലീസ് സംരക്ഷണം വര്‍ധിപ്പിക്കുക, സ്ഥിരം വനിതാ പൊലീസുകാരെ നിയമിക്കുക, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഒഴിവുകള്‍ വേഗത്തില്‍ നികത്തുക എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം തുടരുന്നത്.