തേങ്ങയും അടക്കയും ദിവസവും കുറഞ്ഞുവരുന്നു; ദൃശ്യം കണ്ട് അമ്പരന്ന് വീട്ടുകാരൻ
കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ ഷെഡിൽ നിന്ന് തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്നത് പതിവാക്കിയ യുവാക്കളുടെ സംഘത്തെ നാട്ടുകാർ കയ്യോടെ പിടികൂടി.
പന്തീരാങ്കാവ് സ്വദേശി അഭിനവ് (22), കുന്നമംഗലം സ്വദേശി വൈശാഖ് (21), ചെത്തുകടവ് സ്വദേശി അഭിനവ് (22) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
പന്തീരാങ്കാവിൽ തേങ്ങ കച്ചവടം നടത്തുന്ന വിഭീഷിന്റെ ഷെഡിൽ നിന്നാണ് ഇവർ ആവർത്തിച്ച് മോഷണം നടത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി തേങ്ങയുടെ അളവ് കുറഞ്ഞു വരികയായിരുന്നു.
സംശയം തോന്നിയ വിഭീഷ് ഷെഡിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. തുടർന്ന് ഒക്ടോബർ 21-ന് നടന്ന മോഷണത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്ന് പേരും മോഷണത്തിൽ ഉൾപ്പെട്ടതായി വ്യക്തമായി.
ദൃശ്യങ്ങളിൽ ഒരാൾ പൂട്ടിയിട്ട ഷെഡിന്റെ പിൻവശത്തെ ഷീറ്റ് മാറ്റി അകത്ത് കടക്കുന്നതും, തേങ്ങയും അടയ്ക്കയും ചാക്കിൽ നിറച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും വ്യക്തമായി കണ്ടു.
ഈ സമയത്ത് രണ്ട് സഹായികൾ ഷെഡിനോട് ചേർന്ന് നിൽക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.
മോഷണസംഘം 24-ാം തീയതി വീണ്ടും ഷെഡിൽ എത്തിയപ്പോൾ വിഭീഷും നാട്ടുകാരും ഒരുങ്ങിയിരുന്നു.
ഇവരെ കയ്യോടെ പിടികൂടി നാട്ടുകാർ പൊലീസിനെ അറിയിച്ചു. തുടർന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിൽ എടുത്തു.
പ്രാഥമിക അന്വേഷണത്തിൽ ഇവർ സമീപ പ്രദേശങ്ങളിലെയും ഷെഡുകളിൽ നിന്നും തേങ്ങ മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരുടെ കയ്യിൽ നിന്നും മോഷ്ടിച്ച ചില തേങ്ങകളും അടയ്ക്കയും പോലീസ് വീണ്ടെടുത്തു.
പോലീസ് പ്രതികളോട് ചോദ്യംചെയ്യൽ തുടരുകയാണെന്നും, മോഷണങ്ങൾ നടന്ന മറ്റു സ്ഥലങ്ങളെക്കുറിച്ചും അന്വേഷണം വിപുലീകരിച്ചിരിക്കുകയാണെന്നും അറിയിച്ചു.
വ്യവസായികളുടെ പരാതികളെ തുടർന്ന് പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കുമെന്നും പന്തീരാങ്കാവ് പോലീസ് വ്യക്തമാക്കി.









