കർഷകരുടെ പ്രതീക്ഷകൾ തകർത്ത് രണ്ടാഴ്ച്ചക്കിടെ കൊക്കോ വിലയ്്ക്ക് പിന്നാലെ കാപ്പി വിലയും ഇടിഞ്ഞു. 240 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയും 362 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന്റെ വില 300 ആയുമായാണ് ഇടിഞ്ഞത്. ഇതോടെ കാപ്പി വിലയിൽ പ്രതീക്ഷയർപ്പിച്ച് കാപ്പിച്ചെടികൾക്ക് മികച്ച പരിചരണം നൽകിയ കർഷകരുടെ പ്രതീക്ഷ നശിച്ചു. നാലു വർഷം മുൻപ് വരെ കമ്പോളങ്ങളിൽ 70 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230 രൂപയായിട്ടും 110 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന്റെ വില 362 രൂപയായും ഉയർന്നത്. കാപ്പികൃഷി കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതാണ് കാപ്പിവില ഉയരാൻ പ്രധാന കാരണം. എന്നാൽ വില ഏറെ ഉയർന്നതോടെ വൻകിട വ്യാപാരികളും കാപ്പിപ്പൊടി നിർമാണ യൂണിറ്റുകളും കാപ്പിക്കുരു വാങ്ങി സ്റ്റോക്ക് ചെയ്യാൻ മടിയ്ക്കുകയാണ് . ഇതാണ് ഉയർന്ന വില വീണ്ടും താഴാൻ കാരണം.
കർഷകർക്ക് തിരിച്ചടിയായി സർവകാല റെക്കോഡിട്ട കൊക്കോവിലയും രണ്ടാഴ്ച്ചക്കിടെ പാതിയായി താഴ്ന്നിരുന്നു. മേയ് തുടക്കത്തിൽ 1000-1080 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന് നിലവിൽവില 580-610 രൂപയാണ് ലഭിയ്ക്കുന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോയ്ക്ക് 180 രൂപയായും വില താഴ്ന്നു. അണ്ണാൻ , മരപ്പട്ടി ശല്യവും കീടബാധയും മൂലം ഇടുക്കിയിൽ കർഷകർ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചു കയറുകയുമായിരുന്നു. എന്നാൽ കുത്തനെയുള്ള വിലയിടിവിന് ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടനില നിൽക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്.