വന്ദേഭാരത് എക്സ്പ്രസിൽ ദമ്പതികൾക്കു നൽകിയ ഭക്ഷണത്തിൽ പാറ്റ. ഐആർസിടിസി വഴി ലഭിച്ച ഭക്ഷണത്തിലാണ് ഒപാറ്റയെ കണ്ടെത്തിയത്. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ റെയിൽവേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ സഹോദരപുത്രൻ വിദിത്ത് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടതോടെയാണു വിവരം പുറത്തുവന്നത്. (Cockroach in food served to couple on Vandebharat Express)
ഭോപ്പാലിൽനിന്ന് ആഗ്രയിലേക്കുപോയ വന്ദേഭാരത് എക്സ്പ്രസിൽ ആണ് സംഭവം. ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്തയാൾക്കെതിരെ നടപടി വേണമെന്നാണ് യുവാവ് ആവശ്യപ്പെട്ടത്. ‘ജൂൺ 18ന് ഭോപ്പാലില്‍നിന്നും ആഗ്രയിലേക്കു യാത്ര ചെയ്യവേ എന്റെ അമ്മാവനും അമ്മായിക്കും ഐആർസിടിസി വഴി ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തി. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാന്‍ ഭക്ഷണം നൽകിയ കച്ചവടക്കാരനെതിരെ ശക്തമായ നടപടി വേണം’– പോസ്റ്റിൽ പറയുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും മോശം അനുഭവം ഉണ്ടായതിൽ ഖേദിക്കുന്നതായും ഭക്ഷണത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും കൂടുതൽ ശ്രദ്ധ ഉറപ്പുവരുത്തുമെന്നും ഐആർസിടിസി വ്യക്തമാക്കി. ഭക്ഷണവിതരണം ഏറ്റെടുത്തയാളിൽനിന്നു പിഴ ഈടാക്കിയെന്നും ഐആർസിടിസി പ്രതികരിച്ചു.