ഡൽഹിയിൽ പള്ളിയോട് ചേർന്നുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനിടെ സംഘർഷം
ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനിക്ക് സമീപം അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റുന്നതിനിടെ സംഘർഷം.
മുസ്‍ലിം പള്ളിയോട് ചേർന്നുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ ഏകദേശം 300 ഉദ്യോഗസ്ഥരും തൊഴിലാളികളും തുർക്മാൻ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന സയ്യിദ് ഫൈസ് എലാഹി പള്ളിയുടെയും ശ്മശാനത്തിന്റെയും പരിസരത്തെ അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി സ്ഥലത്തെത്തിയിരുന്നു.
പൊളിക്കൽ നടപടികൾ പുരോഗമിക്കവേ ചില പ്രദേശവാസികൾ ഉദ്യോഗസ്ഥർക്കും പൊലീസിനും നേരെ കല്ലെറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഡൽഹിയിൽ പള്ളിയോട് ചേർന്നുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനിടെ സംഘർഷം
സംഭവത്തിൽ ഏകദേശം മുപ്പതോളം പേരാണ് കല്ലെറിഞ്ഞതെന്ന് പ്രാഥമിക റിപ്പോർട്ടുകളുണ്ട്. ഇതോടെ സ്ഥിതി നിയന്ത്രണാതീതമായതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
പരുക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
“ഒരു ഹാളും ഒരു ഡിസ്പെൻസറിയുമാണ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നത്. പ്രദേശവാസികൾക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ രാത്രിയിൽ നടപടി സ്വീകരിക്കുകയായിരുന്നു.
എന്നാൽ ചിലർ അക്രമത്തിലേക്ക് നീങ്ങി. കല്ലെറിഞ്ഞവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതി പൂർണമായും നിയന്ത്രണവിധേയമാണ്” – മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ നിധിൻ വൽസൻ പറഞ്ഞു.
പ്രദേശത്ത് നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ വിഡിയോകളും പരിശോധിച്ചാണ് കല്ലെറിഞ്ഞ അഞ്ച് പേരെ തിരിച്ചറിഞ്ഞതെന്നും ഇവരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി.
പരുക്കേറ്റ പൊലീസുകാരുടെയും മുനിസിപ്പൽ കോർപറേഷൻ ജീവനക്കാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനായി 30 ബുൾഡോസറുകളും 50 ട്രക്കുകളും സ്ഥലത്തെത്തിച്ചിരുന്നു.
2025 നവംബറിൽ ഡൽഹി ഹൈക്കോടതി, രാംലീല മൈതാനിക്ക് സമീപമുള്ള 38,940 സ്ക്വയർ ഫീറ്റ് വരുന്ന അനധികൃത കയ്യേറ്റങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷനും പൊതുമരാമത്ത് വകുപ്പിനും നിർദേശം നൽകിയിരുന്നു.
പള്ളി സ്ഥിതി ചെയ്യുന്ന ഭൂമി 0.195 ഏക്കറാണെന്നും അതിനപ്പുറമുള്ള എല്ലാ കെട്ടിടങ്ങളും അനധികൃതമാണെന്നും ഡൽഹി മുനിസിപ്പൽ കോർപറേഷൻ നേരത്തെ അറിയിച്ചിരുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശമോ നിയമപരമായ കൈവശാവകാശമോ തെളിയിക്കുന്ന രേഖകൾ പള്ളി മാനേജിങ് കമ്മിറ്റിയോ ഡൽഹി വഖഫ് ബോർഡോ ഹാജരാക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.









