ന്യൂഡൽഹി: ചണ്ഡീഗഢ് എയർപോർട്ടിൽ ബിജെപി നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. (CISF woman slaps Kangana Ranaut’s face)
ഡൽഹി യാത്രക്കായി ചണ്ഡീഗഢ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കങ്കണ റണാവത്തിന് മർദനമേറ്റത്. എയർപോർട്ടിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
കങ്കണ പരാതി നൽകിയതിനു പിന്നാലെയാണ് മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെതിരെ നടപടി. ഉദ്യോഗസ്ഥയ്ക്കെതിരെ ചണ്ഡീഗഢ് പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവം നടന്നുവെന്ന ആരോപണമുണ്ടായതിനു പിന്നാലെ ഉദ്യോഗസ്ഥയ്ക്കെതിരെ സിഐഎസ്എഫ് നടപടിയെടുത്തു. സിഐഎസ്എഫ് ആസ്ഥാനത്തു ഉന്നതതല യോഗം ചേർന്നാണ് മൂന്ന് മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു സിഐഎസ്എഫ് വ്യക്തമാക്കി. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
കർഷക സമരത്തെക്കുറിച്ച് കങ്കണ മുൻപ് നടത്തിയ പരാമർശമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. സംഭവത്തിനു പിന്നാലെ താൻ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കങ്കണ വിഡിയോ പങ്കുവച്ചു.