പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു
കൊച്ചി: ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരിച്ച കേസിൽ പ്രതി അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിയില്ല. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ കേസ് ആണ് ചുമത്തുക. പ്രതിക്ക് യുവതിയെ കൊല്ലണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്ന് പോലീസ് പ്രതികരിച്ചു. (Chottanikkara case; There is no charge of murder against the accused)
പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതിക്രൂരമായ മർദ്ദനമാണ് യുവതി നേരിട്ടത്. മർദ്ദനത്തിൽ ശരീരമാസകലം മുറിപ്പാടുകൾ ഉണ്ടായി. യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിനുള്ള ശ്രമവും നടന്നിരുന്നു. കഴുത്തിൽ ഷോൾ കുരുക്കിയത് മരണത്തിലേക്ക് നയിച്ചു എന്നുമാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം.
ക്രൂര മർദ്ദനത്തിന്റെ മനോവിഷമത്തിൽ യുവതി ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ പ്രതി താഴേക്ക് ഇറക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ കൊലക്കുറ്റം നിലനിൽക്കില്ലെന്നും കുറ്റകരമായ നരഹത്യ ചുമത്തുമെന്നുമാണ് പോലീസിന്റെ പ്രതികരണം. നേരത്തെ പ്രതിക്കെതിരെ വധശ്രമം, പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. ശനിയാഴ്ച രാത്രി 10.15 ഓടെയാണ് അനൂപ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിക്കും മുൻപ് തന്നെ പെൺകുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.