മലയാളിയുടെ തീന്മേശയിൽ കൊളസ്ട്രോളില്ലാത്ത വെജിറ്റേറിയൻ ഇറച്ചി തരംഗമാകുന്നു. കൊച്ചിയിലെ സ്റ്റാർട്ടപ്പയായ ഗ്രീനോവേറ്റീവ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ‘ഗ്രീൻ മീറ്റ്” വിപണിയിലെത്തിച്ചത്. സുഹൃത്തുക്കളായ പി.ജി. ഉണ്ണിക്കൃഷ്‌ണൻ, ധീരജ് മോഹൻ എന്നിവരാണ് പുതിയ സംരംഭത്തിന്റെ പിന്നിൽ.(Cholesterol-free vegetarian meat will reach Malayalee’s dinner table!)
എൻജിനിയറിംഗ് ബിരുദവും ജോലിയും നേടിയശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിന്റെ കൊച്ചി കേന്ദ്രത്തിൽ എം.ബി.എ പഠിക്കാനെത്തിയതാണ് മാള സ്വദേശി പി.ജി. ഉണ്ണിക്കൃഷ്‌ണനും തിരൂർ സ്വദേശി ധീരജ് മോഹനും. ചായച്ചർച്ചകളിൽ പതിവ് വിഷയം ഭക്ഷണമായിരുന്നു. പഠനത്തിന്റെ ഭാഗമായി പ്രോജക്ട് ചെയ്യാനാണ് വെജിറ്റേറിയൻ ഇറച്ചി വിഷയമാക്കിയത്.
മൃഗമാംസത്തിന് തുല്യമായി സസ്യ ഇറച്ചി ഉണ്ടാക്കാമോയെന്ന ചിന്തയിലാണ് ഗ്രീൻ മീറ്റ് പിറന്നത്. കാഴ്‌ചയിലും കറിയിലും രുചിയിലുമെല്ലാം ഒറിജിനലിനെ വെല്ലുന്ന ഇറച്ചിയാണിത്. പോഷകങ്ങളെല്ലാമുണ്ടെങ്കിലും ഇറച്ചിയിൽ കൊളസ്ട്രോളുമില്ല.
യെല്ലോ പീ പയർ, സോയാബീൻ, ചോളം എന്നിവ പ്രത്യേകം സംസ്‌കരിച്ച് കൂട്ടാക്കിയാണ് ഗ്രീൻ മീറ്റൊരുക്കുന്നത്. ചോളമാണ് പ്രധാന അസംസ്‌കൃതവസ്‌തു.
കടല, ഉലുവ, അരി തുടങ്ങിയവയിൽ നിന്ന് പ്രോട്ടീൻ സംസ്‌കരിച്ചെടുക്കും. ഇറച്ചിയിലെ നാരുകളുൾപ്പെടെ (ഫൈബറുകൾ) സൃഷ്‌ടിക്കും. ഇവ സംയോജിപ്പിച്ച് ഇറച്ചിയുടെ രൂപത്തിൽ ഗ്രീൻ മീറ്റ് തയ്യാറാക്കുകയാണ് ചെയ്യുന്നത്.
ഗവേഷണസ്ഥാപനങ്ങൾ പിന്തുണച്ചതോടെ ഫോർമുല തയ്യാറാക്കി.ഫോർമുല കണ്ടെത്തിയതോടെ 2019ൽ സ്റ്റാർട്ടപ്പ് രൂപീകരിക്കുകയായിരുന്നു കളമശേരി കിൻഫ്ര ഹൈടെക് പാർക്കിലെ ക്രിബ്സ് ബയോനെസ്റ്റിലാണ് ഗ്രീൻ മീറ്റിന്റെ ലബോറട്ടറി. ദിവസവും 50 കിലോ ഉത്പാദിപ്പിക്കും. സ്വന്തം യൂണിറ്റ് സ്ഥാപിച്ച് ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സ്ഥാപകർ. ജനുവരിയിൽ പായ്‌ക്കറ്റിലാക്കി വിപണിയിലെത്തിച്ചപ്പോൾ ഹിറ്റുമായി. ഓൺലൈനിലാണ് വില്പന.