തിരുവനന്ത്പുരം: തിരുവിതാംകൂറിലെ അവസാന മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മക്ക് കാട്ടാക്കട സ്വദേശിയായ ഒരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരൻ ഡോ.എം ജി ശശിഭൂഷണിന്റെ വെളിപ്പെടുത്തൽ. മാതൃഭൂമി ബുക്സ് കഴിഞ്ഞ മാസം പുറത്തിറക്കിയ ‘മാഞ്ഞുപോയ ശംഖുമുദ്ര’ എന്ന പുസ്തകത്തിൻ്റെ 132-ാം പേജിലാണ് അത്യന്തം സ്ഫോടനാത്മകമായ റിപ്പോർട്ട് ഉള്ളത്.
സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കാൻ കഴിയാഞ്ഞതിൽ ചിത്തിര തിരുനാളിന് കടുത്ത മനോവ്യഥ ഉണ്ടായിരുന്നെന്നും താൻ വിവാഹം കഴിക്കുന്ന സ്ത്രീയുമായി രാജമാതാവ് ഒത്തുപോകാൻ സാധ്യതയില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം വിവാഹം വേണ്ടെന്ന് വെച്ചതെന്നുമാണ് പുസ്തകത്തിൽ പറയുന്നത്. ഈ സമയത്താണ് ‘കാട്ടാക്കട അമ്മച്ചി’ എന്ന് തിരുവനന്തപുരത്തുകാർ വിശേഷിപ്പിച്ചിരുന്ന കാട്ടാക്കട മൂന്നാം വീട്ടിൽ ലക്ഷ്മിക്കുട്ടിയെന്ന സ്ത്രീയുമായി രാജാവ് ബന്ധം സ്ഥാപിച്ചതെന്നും പുസ്തകത്തിലുണ്ട്. “ചിത്തിര തിരുനാളും ഒരു പച്ച മനുഷ്യനായിരുന്നു”, എന്നാണ് ഡോ.ശശിഭൂഷൺ എഴുതിയിരിക്കുന്നത്.
രാജാവിൻ്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് ആദ്യമായാണ് ഒരു ചരിത്രകാരൻ തുറന്നെഴുതുന്നത്. തിരുവനന്തപുരത്തുകാർ മാത്രമല്ല കേരളം മുഴുവൻ ഇപ്പോഴും ആദരവോടെ കാണുന്ന രാജാവിന് ഇത്തരമൊരു ബന്ധം ഉണ്ടായിരുന്നുവെന്ന വാർത്തയോട് കവടിയാർ കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ “ബി നിലവറയുടെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോൾ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം”, എന്ന അത്യന്തം ഗൗരവമായ ആരോപണവും പുസ്തകത്തിൽ ഉണ്ട്. ‘അവസാനത്തെ മഹാരാജാവ്’ എന്ന അധ്യായത്തിലാണ് അതീവ സംഭ്രമജനകമായ തുറന്നെഴുത്ത് എഴുത്തുകാരൻ നടത്തുന്നത്.
ക്ഷേത്രത്തിലെ ഇതുവരെ തുറക്കാത്ത ബി-നിലവറയിലെ രഹസ്യങ്ങൾ ഇന്നും അജ്ഞാതമാണ്. രഹസ്യങ്ങളുടെ കലവറയായി കരുതുന്ന ‘ബി’ നിലവറ തുറക്കണോ എന്ന് ക്ഷേത്ര ഭരണസമിതിക്ക് തീരുമാനിക്കാം എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. എ-നിലവറയിൽ ഉള്ളതിനേക്കാൾ സ്വത്തുകൾ ബി-നിലവറയിലുണ്ട് എന്നാണ് അനുമാനം. ബി-നിലവറയിലെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോൾ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം എന്ന വെളിപ്പെടുത്തലോടെ രാജാവിനെതന്നെ ചരിത്രകാരൻ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയാണ്.
ചിത്തിര തിരുനാൾ ബാലരാമവർമ്മയെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ ലണ്ടനിലെ ഒരുസംഘം ക്രൈസ്തവ ഗ്രൂപ്പുകൾ 1934-37 കാലത്ത് ശ്രമിച്ചിരുന്നതായും പുസ്തകത്തിൽ ശശിഭൂഷൺ എഴുതിയിട്ടുണ്ട്. ‘ബഞ്ചമിൻ ബാലരാമവർമ്മ’ എന്നായിരുന്നു ആ പദ്ധതിക്കിട്ട കോഡ് നാമം എന്നും പറയുന്നു. തിരുവനന്തപുരത്തെ പ്രമുഖ ക്രിസ്ത്യൻ ഗ്രൂപ്പായ സാൽവേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു ‘ബഞ്ചമിൻ ബാലരാവർമ്മ’ പദ്ധതി ആവിഷ്കരിച്ചതെന്നും ഈ നീക്കം പൊളിച്ചത് അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
“മതം മാറിക്കഴിഞ്ഞാലും നാണയങ്ങളിലും പൊതു സ്ഥാപനങ്ങളിലുമുള്ള ബി ആർ വി മുദ്രകൾ നിലനിർത്താൻ വേണ്ടിയായിരുന്നു ചിത്തിര തിരുനാളിന് സാൽവേഷൻ ആർമി, ബഞ്ചമിൻ ബാലരാമവർമ്മ എന്ന സാങ്കല്പിക നാമം നിർദേശിച്ചത്’ എന്നാണ് ഡോ ശശി ഭൂഷൺ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നത്. പുസ്തകത്തിലെ ചരിത്രപരമായ വെളിപ്പെടുത്തലുകൾ വൻ വിവാദം സൃഷ്ടിക്കാനിടയുണ്ട്.
പുസ്തകത്തിലെ തുറന്ന് പറച്ചിലുകളോട് ചിത്തിര തിരുനാളിൻ്റെ അനന്തരവകാശികൾ എങ്ങനെ പ്രതികരിക്കും എന്നാണ് വായനക്കാരെല്ലാം ഉറ്റുനോക്കുകയാണ്. ഈ വർഷം ജനുവരിയിലാണ് ‘മാഞ്ഞുപോയ ശംഖുമുദ്ര’ മാതൃഭൂമി ബുക്സ് പുറത്തിറക്കിയത്. ചരിത്ര പണ്ഡിതനും അധ്യാപകനുമായ ഡോ.ശശിഭൂഷൺ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. പ്രശസ്ത നിരുപകനായിരുന്ന പ്രൊഫസർ എസ് ഗുപ്തൻ നായരുടെ മകനുമാണ്.