ബുധനാഴ്ചയാണ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന തീരുവ സംബന്ധിച്ച് ട്രംപിന്‍റെ പ്രഖ്യാപനമുണ്ടായത്. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങള്‍ക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. എന്നാൽ ഈ നടപടിക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന.
അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉത്പന്നങ്ങള്‍ക്കും ചൈന 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി. ഏപ്രില്‍ പത്താംതീയതി മുതല്‍ ഉയര്‍ന്ന തീരുവ ഈടാക്കുന്നത് പ്രാബല്യത്തില്‍വരും. ചില റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ചൈനയില്‍നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തി.
യുഎസിലേക്കുള്ള സമേറിയം, ടെര്‍ബിയം, സ്‌കാന്‍ഡിയം, യിട്രിയം തുടങ്ങിയ മീഡിയം-ഹെവി റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിയിലാണ് ചൈന നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നവയാണ് ഈ മൂലകങ്ങളില്‍ അധികവും.
ഇക്കൊല്ലം ആദ്യം അമേരിക്ക, ചൈനയ്ക്കു മേല്‍ 20 ശതമാനം തീരുവ ചുമത്തിയിരുന്നു. ബുധനാഴ്ച വീണ്ടും 34 ശതമാനം തീരുവ കൂടെ പ്രഖ്യാപിച്ചതോടെ ചൈനയ്ക്കു മേല്‍ അമേരിക്ക ചുമത്തിയ നികുതി 54 ശതമാനമായിമാറി.
ഇറക്കുമതി തീരുവയ്ക്ക് പുറമെ, ചൈനയില്‍ നിന്നുള്ള മറ്റ് ഇറക്കുമതികള്‍ക്കും യുഎസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നെത്തുന്ന 800 ഡോളര്‍ താഴെ വിലയുള്ള പാഴ്‌സലുകള്‍ക്ക് അനുവദിച്ചിരുന്ന നികുതി ഇളവുകളും നിര്‍ത്തലാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.