web analytics

അതേ, ഇതൊരപൂർവ സൗഹൃദത്തിൻറെ കഥയാണ്…ഓർമവെച്ച നാൾ മുതൽ ഒരുമിച്ചാണ്… തൊട്ടടുത്ത വീടുകളിൽ തുടങ്ങി നാട്ടിലും സ്കൂളിലും കോളജിലും കൂട്ടുകൂടി നടന്നവർ…ജീവനെടുക്കാൻപോന്ന കാൻസറിനെ കരുത്തോടെ നേരിട്ടതും ഒരുമിച്ച്; പരസ്പരം തണൽ വിരിച്ച് 3 കോട്ടയംകാരികൾ

അതേ, ഇതൊരപൂർവ സൗഹൃദത്തിൻറെ കഥയാണ്. ജീവനെടുക്കാൻപോന്ന അർബുദത്തിന് മുന്നിലും ചിരിമഴയായി നനഞ്ഞിറങ്ങിയ മൂന്നു സഖിമാരുടെ കഥ. ‘രണ്ട് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദം’ ചൈനീസ് തത്ത്വചിന്തകനായ മെൻഷ്യസിന്റെ പ്രസിദ്ധമായ വാചകമാണിത്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന് ആ വാക്കിനെ മാറ്റിയെഴുതേണ്ടി വരുന്നു ഇവരുടെ സൗഹൃദത്തിനു മുന്നിൽ. മൂന്നു കൂട്ടുകാരികൾ. ഓർമവെച്ച നാൾ മുതൽ ഒരുമിച്ചാണ്. തൊട്ടടുത്ത വീടുകളിൽ തുടങ്ങി നാട്ടിലും സ്കൂളിലും കോളജിലും ഒരുമിച്ചു കൂട്ടുകൂടി നടന്നവർ. വിവാഹത്തോടെ മൂന്നുവഴിക്ക് പിരിഞ്ഞെങ്കിലും ആ സ്നേഹച്ചരട് ഒരിക്കലും പൊട്ടിയില്ല.

അയൽപക്കത്തെ വീടുകളിൽനിന്ന് ആരംഭിച്ച ഇവരുടെ ബാല്യകാല സൗഹൃദം 44 വർഷം പിന്നിടുമ്പോൾ പങ്കിട്ടത് സ്നേഹവും കരുതലും മാത്രമല്ല, കാൻസറിനെ പ്രതിരോധിക്കാനുള്ള കരുത്തു കൂടിയാണ്. പരീക്ഷിക്കാനാവണം, കാലം അവരെ വീണ്ടും ചേർത്തുവെച്ചു. എന്നിട്ട് ഓരോരുത്തരെയായി തീമഴയിലേക്കിറക്കിവിട്ടു. ചുട്ടുപഴുത്ത മണ്ണിൽ കാലുറപ്പിച്ചുനിൽക്കാനാവാതെ പാടുപെടുമ്പോഴും പരസ്പരം തണൽ വിരിച്ച് തണുപ്പേകി നിന്നു അവർ.

മിനി ജിജോ, സോണിയ ബെന്നി, രാധിക റെജി എന്നിവരാണ് ആ ഉറ്റ സ്നേഹിതർ. മൂവർക്കും പ്രായം 44. ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശികളായ ഇവരുടെ വീടുകൾ അടുത്തടുത്തായിരുന്നു. തിളക്കം വറ്റിയ കണ്ണുകളുമായി പിന്നെയും കഥകൾ പറഞ്ഞു, പറഞ്ഞാലും തീരാത്ത ബാല്യകാല സ്മരണകൾ പങ്കുവെച്ചു, പൊട്ടിച്ചിരിച്ചു. ഒടുവിൽ അതിജീവനത്തിൻറെ കടൽ താണ്ടി ഇപ്പുറമെത്തിയപ്പോൾ കാലം തോറ്റു പിൻവാങ്ങിയിരുന്നു. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ഒരു വീടുപോലെ കഴിഞ്ഞിരുന്നവർ. രണ്ടുപേരുടെ അപ്പന്മാർ ചന്തയിലെ ലോഡിങ് തൊഴിലാളികളായിരുന്നതിനാൽ ചന്തയായിരുന്നു ഇവരുടെ കളിസ്ഥലം.

ബാല്യകാല സൗഹൃദം ജീവിതകാലം മുഴുവനുള്ള സൗഹൃദമായി വളർന്നു. വിവാഹശേഷം സോണിയയും മിനിയും ചങ്ങനാശ്ശേരിയിൽ രണ്ടുസ്ഥലത്തായി. രാധികയാവട്ടെ ആലപ്പുഴ മുട്ടാറിലും. നാട്ടിലെ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും ആഘോഷങ്ങൾക്കും മാത്രമായി കൂടിക്കാഴ്ചകൾ ചുരുങ്ങി. കോവിഡ് കാലത്താണ് പഴയപോലെ മതിവരാതെ സംസാരിക്കാൻ ഇട കിട്ടിയത്. ഇതിനിടെ 2022ൽ സോണിയ കാൻസർ ബാധിതയായി. കൂട്ടുകാരിക്ക് കരുതലും ശുശ്രൂഷയുമായി മിനിയും രാധികയും ഓടിയെത്തി. വേദനകളിൽനിന്നു സോണിയ കരകയറിയതും രാധികയ്ക്കു കാൻസർ ബാധിച്ചു. രാധികയ്ക്കു സഹായമായി സോണിയയും മിനിയും നിന്നു. രാധികയും ജീവിതത്തിലേക്ക് തിരികെവരുമ്പോഴാണ് മിനിയും കാൻസർബാധിതയായത്. മൊബൈൽ ഫോണിൽ എല്ലാ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. കാണാൻ തോന്നുമ്പോഴെല്ലാം ഒരുമിച്ചുകൂടി. അടുത്തറിഞ്ഞവർക്കുപോലും അസൂയ തോന്നുന്ന ബന്ധമായിരുന്നു അത്. ആ സന്തോഷങ്ങളെ തല്ലിക്കെടുത്തിയാണ് നിനച്ചിരിക്കാത്ത നേരത്ത് ഒന്നിനു പിറകെ ഒന്നായി മൂന്നുപേർക്കും സ്തനാർബുദം വന്നത്.

ജീവിതം തന്ന അനുഭവത്തിന്റെ കരുത്തുമായി രണ്ടു കൂട്ടുകാരികളും മിനിക്കൊപ്പം നിന്നു. വേദനകളിൽനിന്ന് മിനിയും തിരിച്ചുവരികയാണ്. രോഗമുക്തരായെങ്കിലും പരിശോധനകളും ചികിത്സയും തുടരുന്നു. സന്തോഷം മാത്രമല്ല നോവും പങ്കിടുന്നതാണു സൗഹൃദമെന്നു മൂവരും പറയുന്നു.

രോഗം ആദ്യമെത്തിയത് സോണിയയെ തേടിയായിരുന്നു. നിപ്പിൾ ഡിസ്ചാർജിലൂടെയായിരുന്നു തുടക്കം. ചങ്ങനാശ്ശേരി ഗവ. ആശുപത്രിയിലെ സർജനെ കാണിച്ചു. കുഴപ്പമൊന്നും കാണാതിരുന്നതിനാൽ ആൻറിബയോട്ടിക് തന്നു. തുടർന്ന് മാമോഗ്രാം ചെയ്തപ്പോഴാണ് കാൻസർ ആണെന്നറിഞ്ഞത്.

പരിശോധനറിസൽട്ട് കിട്ടിയത് 52 ദിവസം കഴിഞ്ഞാണ്. വലതുഭാഗത്ത് മുഴ കണ്ടെത്തി. അതു നീക്കംചെയ്ത് ബയോപ്സിക്കയച്ചു. ആറു ദിവസംകൊണ്ട് റിസൽട്ട് എത്തിയപ്പോൾ സ്തനാർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടക്കമാണ്. രോഗത്തെക്കുറിച്ച് ആദ്യമേ സംശയം തോന്നിയതിനാൽ സോണിയക്ക് ഭീതിയൊന്നുമുണ്ടായില്ല. ബയോപ്സി റിസൽട്ട് കണ്ടപ്പോഴേ കാര്യം മനസ്സിലായിരുന്നു.

അമ്മക്കും ഇതേ അസുഖം വന്ന് സ്തനം നീക്കിയിരുന്നു. അന്നേ തനിക്കും വന്നേക്കാം എന്ന തോന്നലുമുണ്ടായിരുന്നു. സ്തനം ശസ്ത്രക്രിയ ചെയ്ത് നീക്കിയാൽ കീമോ ഒഴിവാക്കാനാകും. 2022 സെപ്റ്റംബർ 16ന് വലതു സ്തനം പൂർണമായി ശസ്ത്രക്രിയ െചയ്തു നീക്കി. ബന്ധുക്കൾക്കൊപ്പം മിനിയും രാധികയും മാറി മാറി ആശുപത്രിയിൽ കൂടെ നിന്നിരുന്നു.

അർബുദം ശരീരം വിട്ടുപോയെങ്കിലും ആ രോഗം ശരീരത്തിനുണ്ടാക്കിയ കേടുപാടുകൾ ചെറുതല്ല. അതോർക്കുമ്പോൾ കീമോ മതിയായിരുന്നു എന്ന് തോന്നിേപ്പാകാറുണ്ട് സോണിയക്ക്. ചെറുപ്പം മുതലേ പ്രതിരോധശേഷി കുറവാണ്. ഏതസുഖവും ചാടിപ്പിടിക്കുന്ന പ്രകൃതമായിരുന്നു. അതിനുപുറമെ, മരുന്നുകളുടെ പാർശ്വഫലമായി പ്രമേഹം, അനീമിയ, തൈറോയ്ഡ് എന്നിവയും കൂടെ കൂടുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ വലതു കൈകൊണ്ട് ഭാരമെടുക്കാനാവാത്ത അവസ്ഥ. 10 വർഷം മരുന്ന് കഴിക്കണം. മൂന്നുമാസം കൂടുമ്പോൾ ചെക്കപ്പുമുണ്ട്.

സോണിയയുടെ രോഗം കുറേശെ മാറി വരുമ്പോഴാണ് രാധികക്ക് പനിയും തലവേദനയും തുടങ്ങിയത്. ചങ്ങനാശ്ശേരി ഗവ. ആശുപത്രിയിൽ കാണിച്ച് ബ്ലഡിൽ അലർജിയാണെന്നു കരുതി ആറുമാസം മരുന്നു കഴിക്കുകയായിരുന്നു. 2023 ജൂലൈ 22നാണ് വലതുസ്തനത്തിൽ ഉറുമ്പു കടിച്ച പോലെ തടിപ്പ് തോന്നിയത്.

മാമോഗ്രം റിസൽട്ടിൽ കുഴപ്പമൊന്നും കണ്ടെത്തിയില്ല. പിന്നീട് ബയോപ്സി ചെയ്തു. രണ്ടാഴ്ചക്കുശേഷം റിസൽട്ട് വന്നപ്പോൾ അർബുദം തന്നെ എന്ന് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ഭാഗം എത്രയും പെട്ടെന്ന് നീക്കാമെന്നാണ് ഡോക്ടർ പറഞ്ഞത്. സ്തനം പൂർണമായി നീക്കേണ്ടി വന്നില്ല. കഴലയും തടിപ്പും മാത്രമാണ് എടുത്തുകളഞ്ഞത്. കീമോയുടെ ദുരിത ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ആദ്യ കീമോയിൽ തന്നെ മുടിയും നഖവും പുരികവും എല്ലാം കൊഴിഞ്ഞുപോയി. പല്ല് പൊടിഞ്ഞുപോകാൻ തുടങ്ങി.

ആഹാരം കഴിക്കാനാവാതെ പരവേശം, ഛർദി, വായിലെ തൊലി പോകൽ, ശരീരത്തിൽ ചൊറിച്ചിൽ തുടങ്ങി അങ്ങനെ എന്തൊക്കെയോ അസ്വസ്ഥതകൾ. 21 ദിവസം കൂടുമ്പോൾ എട്ടു കീമോയും അതുകഴിഞ്ഞ് 20 റേഡിയേഷനും ചെയ്തു. 10 വർഷം മരുന്നു തുടരണം. മിനിക്ക് 2023 ഡിസംബറിലാണ് സ്തനത്തിൽ വേദന അനുഭവപ്പെട്ടു തുടങ്ങിയത്. പാറേപ്പള്ളി തിരുനാൾ കൊടിയിറക്കത്തിൻറെ അന്ന് സ്തനത്തിൽ മുന്തിരി വലുപ്പത്തിലൊരു തടിപ്പ് തൊട്ടറിഞ്ഞു. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച് ബയോപ്സി ചെയ്തു. ട്രിപ്ൾ നെഗറ്റിവ് ബ്രെസ്റ്റ് കാൻസർ ആണെന്നായിരുന്നു റിസൽട്ട്. ഇനിയും ആവർത്തിക്കാൻ സാധ്യതയുള്ള ഒന്നാണ.

മുഴയും കക്ഷത്തിലെ കഴലകളും ശസ്ത്രക്രിയയിലൂടെ നീക്കി. തുടർന്ന് 12 കീമോയും 15 റേഡിയേഷനും എടുത്തു. കീമോ എടുക്കുന്ന ദിവസം കുഴപ്പമില്ലായിരുന്നു. രണ്ടുദിവസം കഴിഞ്ഞാണ് അസ്വസ്ഥത തുടങ്ങുക. ഛർദി ഇല്ലായിരുന്നു. തലക്കകത്ത് വേദന, ശബ്ദം കേൾക്കുമ്പോൾ ദേഷ്യം, ക്ഷീണം. കീമോക്കുമുമ്പുതന്നെ മുടി മുറിച്ചെടുത്തു സൂക്ഷിച്ചുവെച്ചു. രോഗം വന്നതിനേക്കാൾ സോണിയയുടെ വിഷമം ജോലി പോയതിലായിരുന്നു. എട്ടുവർഷമായി സമീപത്തെ സ്കൂളിൽ സ്വീപ്പർ തസ്തികയിൽ ജോലി ചെയ്തിരുന്നു. സാമ്പത്തികാവസ്ഥ മെച്ചമല്ലാത്തതിനാൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമമില്ലാതെതന്നെ ജോലിക്ക് പോകുകയായിരുന്നു.

ആരോഗ്യമുണ്ടായിരുന്ന കാലത്തെപ്പോലെ കൈെകാണ്ട് കപ്പിൽ വെള്ളമെടുക്കാനോ നിലം തുടക്കാനോ ഒന്നും പറ്റുന്നുണ്ടായില്ല. കൂടെയുണ്ടായിരുന്നവർ തുടക്കത്തിൽ ഇളവു തന്നിരുന്നെങ്കിലും പിന്നീട് പ്രശ്നമാക്കി തുടങ്ങി. സോണിയ മാത്രം ജോലി ചെയ്യുന്നില്ലെന്നും രോഗമില്ലെന്നുമൊക്കെ പരാതി ഉയർന്നു. അസുഖത്തോടു പൊരുതി ജയിച്ചെങ്കിലും അവിടെ തോറ്റു. ഒടുവിൽ ജോലി നിർത്തിപ്പോരേണ്ടിവന്നു.

ഓട്ടോറിക്ഷ തൊഴിലാളിയായ ഭർത്താവ് പാരിയപള്ളം ബെന്നി ചെറിയാൻറെ വരുമാനംകൊണ്ടാണ് ഇപ്പോൾ വീടു കഴിയുന്നത്. നഴ്സിങ് കഴിഞ്ഞ ചെൽസിയും നഴ്സിങ് വിദ്യാർഥിനി സാനിയയും പ്ലസ് വൺ വിദ്യാർഥിനി ആൽഫിയയും അടങ്ങുന്ന കുടുംബം വട്ടപ്പള്ളിയിലാണ് താമസം.

കൂട്ടുകാരായ തങ്ങൾക്കു മൂന്നുപേർക്കും ഒരുപോലെ എങ്ങനെ രോഗം വന്നു എന്ന ചിന്ത മറ്റുള്ളവരെപ്പോലെ ഇവർക്കുമുണ്ട്. കൂട്ടുപിരിയാതിരിക്കാൻ രോഗം കാണിച്ച കുസൃതി ആയിരിക്കാമെന്നാണ് അവർ ഇപ്പോൾ സ്വയം ആശ്വസിക്കുന്നത്. സോണിയ ആയിരുന്നു കൂട്ടത്തിലെ സ്ട്രോങ് വുമൺ. രോഗത്തെ ചെറുത്തുതോൽപിച്ച അവരെ കാണിച്ചാണ് ഡോക്ടർമാർ രാധികക്കും മിനിക്കും ധൈര്യം നൽകിയത്.

രോഗം തിരിച്ചറിഞ്ഞപ്പോഴും സോണിയക്ക് ഒട്ടും പരിഭ്രമം ഉണ്ടായില്ല. വിഷമിച്ചിട്ടെന്തുകാര്യമെന്നായിരുന്നു ചിന്ത. എന്നാൽ, നേരെ തിരിച്ചായിരുന്നു രാധികയുടെയും മിനിയുടെയും അവസ്ഥ. കരച്ചിലും മാനസിക സമ്മർദവും എല്ലാംചേർന്ന് ആകെ വലഞ്ഞു. അപ്പോഴെല്ലാം കൂടെനിന്ന് ആശ്വസിപ്പിച്ചത് സോണിയയാണ്.

ഭർത്താവും മക്കളും കരുത്തുപകർന്നു. പരസ്പരം സാന്ത്വനമായതോടെ അവർ വേദന മറന്ന് ചിരിക്കാൻ തുടങ്ങിയിരിക്കുന്നു. പിന്നീട്കീമോ വാർഡിൽ ഓടിനടന്ന് എല്ലാവർക്കുമൊപ്പം സെൽഫിയെടുക്കുകയായിരുന്നു മിനി.

രോഗം വന്നതോടെ പുതിയ കുറേ ഏറെ ബന്ധങ്ങൾ കിട്ടി. പ്രതീക്ഷിക്കാത്ത കുറെ ആളുകളാണ് കൂടെനിന്നത്. എന്നാൽ നാട്ടുകാരിൽ പലർക്കും രോഗം വന്ന കാര്യം ഇപ്പോഴും അറിയില്ല. രോഗത്തെ പേടിച്ചാൽ അതു നമ്മളെ ഇല്ലാതാക്കുമെന്നാണ് തങ്ങളുടെ അനുഭവത്തിൽനിന്ന് ഇവർ പറയുന്നത്. സന്തോഷത്തോടെയിരിക്കണം എന്നു പറയുന്നത് വെറുതെയല്ല. കൂടെ നിൽക്കാൻ പ്രിയപ്പെട്ടവർ ഉണ്ടായിരുന്നതിനാലാവണം തങ്ങൾക്ക് പിടിച്ചുനിൽക്കാനായതെന്നും ഇവർ ഓർക്കുന്നു.

രോഗദിനങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട മൂവരും ഇപ്പോൾ തയ്യൽക്കട തുടങ്ങാനുള്ള ശ്രമത്തിലാണ്. സാമ്പത്തിക പ്രയാസമുണ്ടെങ്കിലും മൂവരും ഒന്നിച്ചിറങ്ങുകയാണ്, ജീവിതത്തിലേക്കു നല്ല നിറങ്ങൾ തുന്നിച്ചേർക്കാൻ.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ കോഴിക്കോട്: ലഹരിക്കടിമയായ മകനെ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

Related Articles

Popular Categories

spot_imgspot_img