യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ മാറ്റി യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി. പിന്നാലെ, ഇന്ന് പുതുപ്പള്ളിയിൽ നടത്താനിരുന്ന ഔട്ട് റീച്ച് സെല്ലിൻ്റെ പരിപാടികളും മാറ്റി. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ തൊട്ടുതലേന്ന് രാത്രിയാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനാണ് ചാണ്ടി ഉമ്മനെ ടെലിഫോണിലൂടെ ഇക്കാര്യം അറിയിച്ചത്. (Chandy Oommen replaced as National Outreach Cell Chairman)
പരസ്യമായി പ്രതികരിച്ചില്ലെങ്കിലും പിതാവിന്റെ ചരമവാർഷിക ദിനത്തിൽ തന്നെ ഇത്തരമൊരു നടപടിയെടുത്തതിൽ വലിയ പ്രയാസത്തിലാണ് ചാണ്ടി ഉമ്മൻ. ഇന്ന് ഉമ്മൻചാണ്ടിയുടെ ചരമദിനത്തോടനുബന്ധിച്ച് വൃക്ക രോഗികൾക്ക് സഹായം നൽകുന്ന പരിപാടികൾ പുതുപ്പള്ളിയിൽ ഔട്ട് റീച്ച് സെൽ ആസൂത്രണം ചെയ്തിരുന്നു. ആ പരിപാടി പോലും നടത്താൻ പാടില്ലെന്നും ദേശീയ നേതൃത്വം ചാണ്ടി ഉമ്മന് നിർദ്ദേശം നൽകിയതോടെ പരിപാടി ഉപേക്ഷിക്കേണ്ടിവന്നു.
എംഎൽഎയായ ഘട്ടത്തിൽ ചാണ്ടി ഉമ്മനെ തൽസ്ഥാനത്തുനിന്ന് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു. ചാണ്ടി ഉമ്മന്റെ പ്രവർത്തനം പരിഗണിച്ച് പദവിയിൽ തുടരട്ടെ എന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.